ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പ്രസംഗങ്ങള്‍ നടത്തുന്നതിന് പകരം കൊറോണ വൈറസിനെ നേരിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏഴാമതും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പരാമര്‍ശം.

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതുപോലെ 21 ദിവസത്തിനുള്ളില്‍ വൈറസിനെ നിഷ്ഫലമാക്കുന്നതിന് പകരം രാജ്യം ലോകത്തിന്റെ 'കൊറോണ തലസ്ഥാനമായി' മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേതൃത്വത്തിന്റെ പരാജയത്തിന് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്നും സംയുക്ത പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാലയും പവര്‍ ഖേരയും പറഞ്ഞു. 

" പകര്‍ച്ചവ്യാധിയുടെ കലുഷിതമായ അവസ്ഥയെ എങ്ങനെ നിയന്ത്രിക്കാമെന്ന് ദയവായി രാജ്യത്തോട് പറയുക. തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കും? അദ്ദേഹത്തിന്റെ പക്കല്‍ പരിഹാരമുണ്ടോ അതോ ദൈവത്തെ കുറ്റപ്പെടുത്തുമോ?" - ഇതു നേതാക്കളും ചോദിച്ചു. 

കൊറോണയ്ക്കെതിരായ പോരാട്ടം നടക്കുമ്പോള്‍, നേതാവ് അദൃശ്യനായിത്തീര്‍ന്നിരിക്കുന്നുവെന്നും ടിവിയില്‍ പ്രസംഗങ്ങള്‍ മാത്രമാണ് കാണുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു." പ്രഭാഷണം നടത്തുന്നത് ഏളുപ്പമാണ്. രാജ്യത്തിന് വേണ്ടത് പ്രസംഗങ്ങളല്ല, വ്യക്തമായ പരിഹാരമാണ്." - സുര്‍ജോവാല ട്വീറ്റ് ചെയ്തു. 

ഉത്സവ കാലത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ചവരുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. 

 Content Highlights: Need Concrete Solutions For Covid, Not "Sermons": Congress Attacks PM