
-
ചെന്നൈ: ലെബനീസ് തലസ്ഥാനമായ ബെയ്റൂത്തില്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനം ചെന്നൈയെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏകദേശം 700 ടണ്‍ സ്ഫോടക രാസവസ്തുക്കളാണ് ചെന്നൈ തുറമുഖത്ത് കെട്ടിക്കിടക്കുന്നത്.
ഇന്ത്യയുടെ വെടിമരുന്ന് നിര്‍മാണ തലസ്ഥാനമെന്നറിയപ്പെടുന്ന ശിവകാശിയില്‍ ഒരു സംഘത്തില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തതാണ് ഈ രാസവസ്തുക്കള്‍. 2015ല്‍ ചെന്നൈ തുറമുഖത്തുനിന്ന് പിടിച്ചെടുത്ത ഇവ അന്നുമുതല്‍ അവിടെത്തന്നെയാണ് സൂക്ഷിച്ചിരിക്കുകയാണ്. ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സഫോടകവസ്തുക്കള്‍ ഇനി ചെന്നൈ തുറമുഖത്ത് സൂക്ഷിക്കാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് തുറമുഖ ഉദ്യോഗസ്ഥര്‍.
'ഒരു കണ്ടെയ്നറില്‍ 20 ടണ്‍ അമോണിയം നൈട്രേറ്റ് വീതം വരുന്ന ഏകദേശം 36 കണ്ടെയ്നറുകള്‍ വളരെക്കാലം മുമ്പാണ് മാറ്റിയത്. അത് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.' പബ്ലിക് റിലേഷന്‍സ് വിഭാഗം പറഞ്ഞു.
'സത്ത്വ കണ്ടെയ്നര്‍ ഡിപ്പോയില്‍ 697 ടണ്‍ അമേണിയം നൈട്രേറ്റാണ് ഉളളത്. ശ്രീ അമ്മന്‍ കെമിക്കല്‍സ് അനധികൃതമായി ഇറക്കുമതി ചെയ്തതാണ് ഇത്. അത് നീക്കം ചെയ്യാനുളള ശ്രമത്തിലാണ് ഞങ്ങള്‍.' കസ്റ്റംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് എന്‍ഡിടിവിയോട് പറഞ്ഞു.
സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ കാലതാമസം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'കേസ് കോടതിയിലെത്തിയിരുന്നു. കഴിഞ്ഞ നവംബറിലാണ് വിധി വന്നത്. ഞങ്ങള്‍ ഇ ലേലം നടത്താനുളള തയ്യാറെടുപ്പിലാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകീട്ട് പ്രാദേശിക സമയം ആറുമണിയോടെയാണ് ബെയ്റൂത്തിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ ഏകദേശം 130 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബെയ്റൂത് തുറമുഖത്തിന് സമീപമുളള വെയര്‍ഹൗസില്‍ കഴിഞ്ഞ ആറുവര്‍ഷമായി വലിയ അളവില്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചുവെച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചതാണെന്നാണ് അപകടത്തെ കുറിച്ച് ലെബനീസ് പ്രധാനമന്ത്രി സഹല്‍ ദിയാബ് പറഞ്ഞത്.
Content Highlights:Nearly 700 tonnes of ammonium nitrate near Chennai sparks worry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..