ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫാക്ടറികളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ബി.എം.എസ്. സ്ഥാപകന്‍ ദന്തോപാന്ത് ഠേംഗ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

യു.പിയിലെ 20,500 ഫാക്ടറികളിലും 6.5 ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇത്തരത്തിലുള്ള ആദ്യപദ്ധതിയാണ് യു.പി. പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്ന് യു.പി. ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ പേരിലുള്ളതാവും പദ്ധതി. തൊഴിലാളികള്‍ക്ക് കഠിനമായ ജോലിയില്‍നിന്ന് താത്കാലികമായി വിട്ടുനിന്ന് ആനന്ദം കണ്ടെത്തുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. അവര്‍ക്ക് രാജ്യത്തിന്റെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം തിരിച്ചറിയാനുള്ള അവസരവും അതിലൂടെ ലഭിക്കും. തൊഴിലാളികള്‍ക്ക് സൗജന്യയാത്രയും താമസസൗകര്യവുമാണ് നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

തൊഴിലാളികളുടെ മക്കളുടെ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സമര്‍ഥര്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനുമുള്ള രണ്ട് പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രമുഖരുടെ പേരുകളാവും പദ്ധതികള്‍ക്കെല്ലാം നല്‍കുക.

Content Highlights: Nearly 1.5 cr UP labourers to get free religious trips