ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ വിയോഗത്തോടെ എൻഡിഎ സർക്കാരിന്റെ കാബിനറ്റിൽ ഇനി ബിജെപി മന്ത്രിമാർ മാത്രം. കര്‍ഷകബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ അംഗം ഹർസിമ്രത് കൗർ മന്ത്രി സ്ഥാനം രാജിവെച്ച് പുറത്തു പോയതോടെ പാസ്വാന്‍ മാത്രമായിരുന്നു ഏക ബിജെപി ഇതര കാബിനറ്റ് മന്ത്രി. പാസ്വാന്റെ വിയോഗത്തോടെ എൻഡിഎ കാബിനറ്റ് പൂർണ്ണമായും ബിജെപി കാബിനറ്റ് ആയി മാറി. 51 അംഗങ്ങളുള്ള മന്ത്രിസഭയിലാവട്ടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവ് രാംദാസ് അത്തേവാല മാത്രമേ ഇനി ബിജെപി ഇതര അംഗമായി അവശേഷിക്കുന്നുള്ളൂ. സാമൂഹിക നീതി വകുപ്പ് സഹ മന്ത്രിയാണ് രാംദാസ് അത്തേവാല 

1977 ന് ശേഷം ഇതാദ്യമായാണ് കേന്ദ്രത്തിലെ ഒരു സഖ്യസര്‍ക്കാരിന്റെ കാബിനറ്റില്‍ ഒരു പാര്‍ട്ടിയിൽ നിന്നുള്ള അംഗങ്ങള്‍ മാത്രമാവുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള 24 രാഷ്ട്രീയ പാര്‍ട്ടികളുള്‍ക്കൊള്ളുന്ന എന്‍ഡിഎ സഖ്യം 2019 ല്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ സഖ്യകക്ഷികള്‍ക്ക് മൂന്ന് സ്ഥാനങ്ങളാണ് നല്‍കിയിരുന്നത്.  ശിവസേനയില്‍ നിന്നുള്ള അനന്ത് ഗീതയെ വ്യവസായ മന്ത്രിയായി തിരഞ്ഞെടുത്തു, അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഭക്ഷ്യ സംസ്‌കരണ മന്ത്രിയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് എൽജെപി പാർട്ടി നേതാവായ രാംവിലാസ് പാസ്വാൻ കൈകാര്യം ചെയ്തത്.

ശിവസേന ബിജെപിയുമായി ഇടഞ്ഞ സാഹചര്യത്തിലായിരുന്നു ശിവസേനാംഗമായ അനന്ത് ഗീത, ഉദ്ധവ് താക്കറെയുടെ നിർദേശത്തോടെ മോദി മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നത്.

2014-19ലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് ബിജെപി ഇതര മന്ത്രിമാരായിരുന്നു കാബിനറ്റില്‍ ഉണ്ടായിരുന്നത്.

content highlights: NDA's cabinet has no non BJP ministers