പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായി എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഞായറാഴ്ച പട്നയില്‍ ചേര്‍ന്ന് നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ തീയതി യോഗത്തില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അവകാശവാദം നിതീഷ് ഉന്നയിക്കും.

വെള്ളിയാഴ്ച നിതീഷ് കുമാറിന്റെ വീട്ടില്‍ എന്‍ഡിഎ നേതാക്കള്‍ അനൗപചാരിക യോഗം ചേര്‍ന്നിരുന്നു.

'നവംബര്‍ 15-ന് ഉച്ചയ്ക്ക് നാല് സഖ്യകക്ഷികളുടെ എംഎല്‍എമാരുടെ യോഗം ചേരും. എല്ലാ തീരുമാനങ്ങളും ആ യോഗത്തില്‍ ഉണ്ടാകും. മുന്നണി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കും' നിതീഷ് കുമാര്‍ പറഞ്ഞു.

243 അംഗ നിയമസഭയില്‍ എന്‍ഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് വീതം സീറ്റുകളാണ് ഉള്ളത്.

ഉപമുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദിക്കു പകരം മുതിര്‍ന്ന ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗവുമായ കാമേശ്വര്‍ ചൗപാലിന്റെ പേരാണ് ബി.ജെ.പി. ആലോചിക്കുന്നത്. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയും ഉപമുഖ്യമന്ത്രി പദത്തിനായി ആവശ്യമുയര്‍ത്തിയിട്ടുണ്ട്. നിതീഷ് സര്‍ക്കാര്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എന്‍.ഡി.എ. യോഗത്തില്‍ ബി.ജെ.പി. ദേശീയനേതൃത്വത്തിന്റെ പ്രതിനിധിയായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും.

ഇതിനിടെ സര്‍ക്കാരിന്റെ നിലനില്പ് സുരക്ഷിതമാക്കാനുള്ള നീക്കങ്ങളും എന്‍.ഡി.എ. അണിയറയില്‍ സജീവമാക്കിയിട്ടുണ്ട്. 19 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ 12 പേരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്.

Content Highlights: NDA meet at 12.30pm to choose its leader in Bihar