ന്യൂഡല്‍ഹി: അകാലിദളിന് പിന്നാലെ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎ മുന്നണി വിടുമെന്ന ഭീഷണിയുമായി മറ്റൊരു ഘടകകക്ഷികൂടി രംഗത്ത്. കര്‍ഷകരുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) അധ്യക്ഷനും രാജസ്ഥാനില്‍നിന്നുള്ള എം.പിയുമായ ഹനുമാന്‍ ബനിവാള്‍ ട്വിറ്ററിലൂടെ അമിത് ഷായോട് ആവശ്യപ്പെട്ടു. 

കര്‍ഷകരുമായി എത്രയും വേഗം ചര്‍ച്ച നടത്താന്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടാംഘട്ട മന്ത്രിതല ചര്‍ച്ച വ്യാഴാഴ്ച ചേരുന്നുണ്ട്. അതിനു മുമ്പുതന്നെ കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നാണ് ആര്‍എല്‍പി അധ്യക്ഷന്റെ ആവശ്യം. കര്‍ഷക സമരത്തോട് രാജ്യം മുഴുവന്‍ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ റദ്ദാക്കണമെന്നും അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. 

സ്വാമിനാഥന്‍  കമ്മീഷന്റെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം. സമരം ചെയ്യുന്ന കര്‍ഷകരുമായി ഡല്‍ഹിയില്‍വച്ച് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. എന്‍ഡിഎയിലെ ഘടകകക്ഷിയാണ് ആര്‍എല്‍പി. എന്നാല്‍ അധികാരം നല്‍കുന്നത് രാജ്യത്തെ കര്‍ഷകരും ജവാന്മാരുമാണ്. കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎ ഘടകക്ഷിയായി തുടരുന്ന കാര്യത്തില്‍ പുനരാലോചന നടത്തേണ്ടിവരും. കര്‍ഷകരുടെ താത്പര്യം മുന്‍നിര്‍ത്തിയാവും അക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കര്‍ഷകരുടെ പിന്തുണ നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞാണ് ആര്‍എല്‍പി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ ബിജെപിയുടെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷികളില്‍ ഒന്നായ ശിരോമണി അകാലി ദള്‍ സെപ്റ്റംബറില്‍ എന്‍ഡിഎ വിട്ടിരുന്നു. 

രാജസ്ഥാനില്‍ 10-15 ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയ ശക്തിയും കൃഷിഭൂമിയും സ്വന്തമായുള്ള ജാട്ട് വിഭാഗക്കാരുടെ പിന്തുണ ആര്‍എല്‍പിക്ക് നിര്‍ണായകമാണ്. രാജസ്ഥാനിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താന്‍ കാര്‍ഷകരെ പിന്തുണച്ച് അവര്‍ രംഗത്തെത്തിയിട്ടുള്ളത്. 

ഹരിയാണയിലെ ബിജെപി സര്‍ക്കാരിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരുകളും പോലീസും കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ ആര്‍എല്‍പിക്ക് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുമെന്ന് ബനിവാള്‍ മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലടക്കം കര്‍ഷക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ രാജസ്ഥാനില്‍നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം പങ്കെടുക്കുമെന്ന സൂചന അദ്ദേഹം നേരത്തെതന്നെ നല്‍കിയിരുന്നു.

Content Highlights: NDA ally threatens exit over farm laws