മുംബൈ: ഒപ്പമുള്ള എം.എല്‍.എമാരെ അണിനിരത്തി ശക്തി തെളിയിച്ച് മഹാരാഷ്ട്രയിലെ എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യം. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ത്രികക്ഷി നേതാക്കളും എം.എല്‍.എമാരും ഒത്തുചേര്‍ന്നത്.

എന്‍.സി.പി നേതാവ് ശരദ് പവാര്‍, മകള്‍ സുപ്രിയ സുലെ, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ, എം.പിയും ശിവസേനാ വക്താവുമായ സഞ്ജയ് റാവത്ത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ചവാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

sharad pawar
എന്‍.സി.പി- കോണ്‍ഗ്രസ്-ശിവസേനാ എം.എല്‍.എമാര്‍ ഒത്തുചേര്‍ന്നിരിക്കുന്ന ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ എത്തിയപ്പോള്‍.

നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് ത്രികക്ഷി എം.എല്‍.എമാരോട് ശരദ് പവാര്‍ പറഞ്ഞു. ഭൂരിപക്ഷമില്ലാതെയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിച്ചിരിക്കുന്നത്. കര്‍ണാടകയിലും ഗോവയിലും മണിപ്പുറിലും ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടായിരുന്നില്ല. പക്ഷെ സര്‍ക്കാര്‍ രൂപവത്കരിച്ചു- പവാര്‍ കൂട്ടിച്ചേര്‍ത്തു. 

ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാള്‍ക്ക്(അജിത് പവാര്‍) മറ്റുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. വിശ്വാസവോട്ടെടുപ്പിന്റെ ദിവസം 162ല്‍ അധികം എം.എല്‍.എമാരെ ഞാന്‍ കൊണ്ടുവരും. ഇത് ഗോവയല്ല. ഇത് മഹാരാഷ്ട്രയാണ്- ശരദ് പവാര്‍ പറഞ്ഞു. 

നമ്മുടെ പോരാട്ടം അധികാരത്തിനു വേണ്ടി മാത്രമുള്ളതല്ല, സത്യത്തിന്റെ വിജയത്തിനു കൂടിയുള്ളതാണ്. നിങ്ങള്‍ ഞങ്ങളെ പിളര്‍ത്താന്‍ എത്രത്തോളം ശ്രമിക്കുന്നുവോ ഞങ്ങള്‍ അത്രത്തോളം ഐക്യമുള്ളവരാകും- യോഗത്തില്‍ പ്രസംഗിച്ച ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ പറഞ്ഞു.  

നമ്മള്‍ 162 പേരില്‍ കൂടുതലുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്റെ പ്രതികരണം. നാമെല്ലാവരും സര്‍ക്കാരിന്റെ ഭാഗമാകും. ബി.ജെ.പിയെ തടയാന്‍ ഈ സഖ്യത്തിന്റെ ഭാഗമാകാന്‍ അനുവദിച്ച സോണിയാ ഗാന്ധിക്ക് നന്ദി അറിയിക്കുന്നു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ നമ്മെ ക്ഷണിച്ചേ മതിയാകൂ- ചവാന്‍ കൂട്ടിച്ചേര്‍ത്തു. 

ഒത്തുചേര്‍ന്ന എം.എല്‍.എമാര്‍, തങ്ങളുടെ പാര്‍ട്ടിയോട് സത്യസന്ധത പുലര്‍ത്തുമെന്ന് യോഗത്തില്‍ പ്രതിജ്ഞയെടുത്തു. പ്രലോഭനങ്ങളില്‍ വീഴില്ലെന്നും ബി.ജെ.പിക്ക് ഗുണകരമാകുന്ന യാതൊന്നും ചെയ്യില്ലെന്നും എം.എല്‍.എമാര്‍ പ്രതിജ്ഞയില്‍ വ്യക്തമാക്കി.

 content highlights: ncp. shivsena,congress to show unity with 162 mla's in maharashtra