ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കുമോ എന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലിവെളി ഏറ്റെടുക്കാന്‍ തയ്യാറായത് എന്‍.സി.പിയും സി.പി.എമ്മും മാത്രം.
വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ച ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല. പാര്‍ട്ടികള്‍ക്ക് മെയ് 26 ന് അഞ്ചുമണിവരെയായിരുന്നു അപേക്ഷ നല്‍കാന്‍ സമയം അനുവദിച്ചിരുന്നത്. സമയപരിധി അവസാനിച്ചപ്പോള്‍ എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ബി.ജെ.പി, ആര്‍.എല്‍.ഡി, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ നിരീക്ഷകരായി എത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പരിശോധനയില്‍ പങ്കെടുക്കുന്നതിനുള്ള ആര്‍.ജെ.ഡിയുടെ അപേക്ഷ സമയപരിധി അവസാനിച്ചതിനാല്‍ നിരസിക്കപ്പെട്ടു. പാര്‍ട്ടിയുടെ മൂന്ന് പ്രതിനിധികളെ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ എന്‍.സി.പി. ചുമതലപ്പെടുത്തിയിട്ടുണ്ട്.
പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ജൂണ്‍ മൂന്നിന് നടക്കുന്ന പരിശോധനക്ക് മെഷീനുകള്‍ എത്തിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നു മുതല്‍ കൃത്രിമം നടത്താന്‍ സാധിക്കുമോയെന്ന പരിശോധന നടത്താമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ദേശീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന പാര്‍ട്ടികള്‍ക്കും അവസരം നല്‍കും. ഇതിനായി പാര്‍ട്ടികള്‍ ചുമതലപ്പെടുത്തുന്ന മൂന്നു പേര്‍ക്കായിരുന്നു അവസരം.