എഎപി നോതാക്കൾ പവാറുമായി കൂടിക്കാഴ്ച നടത്തുന്നു. photo: ANI
മുംബൈ: എന്‍.സി.പി. അധ്യക്ഷന്‍ ശരത് പവാറുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി. മുംബൈയിലെ യശ്വന്ത്‌റാവു ചവാന്‍ സെന്ററിലായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മന്ത്രി അദിഷി മര്‍ലെന, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവരും കെജ്‌രിവാളിന് ഒപ്പമുണ്ടായിരുന്നു.
ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധിക്കെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിനോട് എതിരിടാന്‍ പിന്തുണ തേടിയാണ് കെജ്‌രിവാള്‍ പവാറിനെ കണ്ടത്. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി ശിവസേന നേതാവ് (യു.ബി.ടി) ഉദ്ധവ് താക്കറെയുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കേന്ദ്രം ഓര്‍ഡിനന്‍സിലൂടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇത് രാജ്യത്തിന് നല്ലതല്ലെന്നും പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് വിവാദത്തില്‍ കേന്ദ്രത്തിനെതിരായ എഎപിയുടെ പോരാട്ടത്തെ പിന്തുണച്ചതിന് എന്‍സിപി അധ്യക്ഷനോട് കെജ്‌രിവാള്‍ നന്ദിയും അറിയിച്ചു.
എന്‍സിപിയും മഹാരാഷ്ട്രയിലെ ജനങ്ങളും കെജ്‌രിവാളിനെ പിന്തുണയ്ക്കുമെന്നും എല്ലാ ബിജെപി ഇതര പാര്‍ട്ടികളെയും ഒന്നിപ്പിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ശരത് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തുള്ള പ്രതിസന്ധി ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ലെന്നും എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പവാര്‍ ചൂണ്ടിക്കാണിച്ചു.
Content Highlights: NCP extends support to Kejriwal in fight against Centre's ordinance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..