ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ക്കിടെ അജിത് പവാര്‍ ബിജെപിയുമായും ദേവേന്ദ്ര ഫഡ്‌നവിസുമായും സംസാരിച്ചകാര്യം തനിക്കറിയാമായിരുന്നുവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ ബിജെപിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഒരിക്കലും സൂചന ലഭിച്ചിരുന്നില്ലെന്നും നവംബര്‍ 23 ന് രാവിലെ അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത വിവരമറിഞ്ഞ് ശരിക്കും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. 

പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് രാഷ്ട്രപതി പദവിയും മകള്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയതാത്പര്യം മുന്‍നിര്‍ത്തി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. തനിക്ക് രാഷ്ട്രപതി പദവിയോ മകള്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനമോ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല.  

മകളുടെ രാഷ്ട്രീയരംഗത്തെ മികവിനെക്കുറിച്ച് മാത്രമാണ് മോദി അന്നത്തെ ചര്‍ച്ചയില്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ സുപ്രിയ നന്നായി പ്രവര്‍ത്തിക്കുന്നതായും പ്രധാനമന്ത്രി സൂചിപ്പിച്ചു. 

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പ്രതിപക്ഷത്തിരിക്കാനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായി ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ല. അവരുമായി സഖ്യം രൂപവത്കരിക്കണമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ, ഓരോ ദിവസവും ശിവസേനയുടെ അസംതൃപ്തി കൂടിവരുന്നതായി ഞങ്ങള്‍ കണ്ടു. അങ്ങനെയാണ് സഞ്ജയ് റാവത്തുമായി ചര്‍ച്ച നടത്തിയത്- ശരദ് പവാര്‍ വിശദീകരിച്ചു. ബിജെപിയുമായി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ എളുപ്പമാണ് ശിവസേനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ സംഭാഷണങ്ങളിലും ചര്‍ച്ചകളിലും അജിത് പവാര്‍ വളരെ നിരാശനായിരുന്നുവെന്നും ശരദ് പവാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായുള്ള സഖ്യം എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് അദ്ദേഹം എന്റെ സഹപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. പക്ഷേ, ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ശരദ് പവാര്‍ അഭിമുഖത്തില്‍ പറഞ്ഞു.  അജിതിന്റെ തീരുമാനം ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിയിലെ ആരും അക്കാര്യത്തില്‍ സന്തുഷ്ടരല്ല. പക്ഷേ, അജിത് അദ്ദേഹത്തിന് സംഭവിച്ച തെറ്റ് മനസിലാക്കി. അദ്ദേഹം ഇനി അതൊന്നും ഒരിക്കലും ആവര്‍ത്തിക്കില്ല- ശരദ് പവാര്‍ വ്യക്തമാക്കി. 

Content Highlights: ncp chief sharad pawar says he knew about ajit pawar conversation with bjp in ndtv interview