ഗുജറാത്ത് കലാപം | File photo - AFP
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ, 2002-ലെ ഗുജറാത്ത് കലാപം, നര്‍മദാ ബചാവോ ആന്ദോളന്, ദളിത് പ്രതിഷേധ പോരാട്ടങ്ങള്‍, ഭാരതീയ കിസാന്‍ യൂണിയന്റെ പ്രതിഷേധങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒഴിവാക്കിയും തിരുത്തിയും എന്‍.സി.ഇ.ആര്.ടി.യുടെ പാഠ്യപദ്ധതി പരിഷ്കരണം. ദേശീയ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ആറുമാസം മുമ്പ് നടത്തിയ എടുത്തുകളയലും കൂട്ടിച്ചേര്‍ക്കലുമാണ് ചരിത്രസംഭവങ്ങളെ പാഠപുസ്തകങ്ങളില്‍നിന്ന് പുറത്താക്കിയത്.
ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ എന്നിവ പ്രതിപാദിക്കുന്ന പാഠഭാഗത്തിലെ ഏതാനും പേജുകള്‍ 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി. നക്സലിസം, രാജ്യദ്രോഹക്കുറ്റങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍, അശോക ചക്രവര്‍ത്തിയെക്കുറിച്ചും(ആറാം ക്ലാസ്, ചരിത്രം) ഭക്രാനംഗല്‍ അണക്കെട്ടിനെപ്പറ്റിയും (12-ാം ക്ലാസ് സോഷ്യോളജി) ഉള്ള നെഹ്റുവിന്റെ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയവയില്‍പ്പെടുന്നു.
ആറു മുതല്‍ 12 വരെ ക്ലാസുകളിലാണ് പരിഷ്കരണം നടന്നത്. സ്കൂള്‍ തുറക്കാന്‍ ഒരു മാസം മാത്രമുള്ളതിനാല്‍ മാറ്റങ്ങളോടെയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഈ അധ്യയനവര്‍ഷം പുറത്തിറക്കില്ല. മറിച്ച് ഒഴിവാക്കേണ്ട പാഠഭാഗങ്ങളെക്കുറിച്ച് സ്കൂളുകള്‍ക്ക് നേരിട്ട് നിര്‍ദേശം നല്കി. 2014-നുശേഷം മൂന്നാം തവണയാണ് പാഠപുസ്തകം പരിഷ്കരിക്കുന്നത്. 2017-ലെ പരിഷ്കരണത്തില്‍ 1,334 മാറ്റങ്ങള്‍ വരുത്തിയിരുന്നു. 2019-ല്‍ ആയിരത്തോളം മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുമുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..