സൂപ്പര്‍ ഹീറോയല്ല, സാധാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ - സമീര്‍ വാംഖഡെ | INTERVIEW


എന്‍.ശ്രീജിത്ത്

സമീർ വാംഖഡെ | Photo: പ്രവീൺ കാജ് രോൽക്കർ

ബോളിവുഡ്താരം സുശാന്ത്സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിലാണ് സമീര്‍ വാംഖഡെ എന്ന എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ ആദ്യമായി വാര്‍ത്തകളിലിടം നേടുന്നത്. നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച ഈ കേസില്‍ ഒട്ടേറെ പ്രമുഖരെ എന്‍.സി.ബി. സംഘം ചോദ്യംചെയ്തിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വില്‍പ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു. സമീറായിരുന്നു ഈ നീക്കങ്ങള്‍ക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്.

2008 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറാണ് മുഖം നോക്കാതെയുള്ള നടപടികള്‍ക്ക് പ്രശസ്തനായ ഈ മനുഷ്യന്‍. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണര്‍, 2013-ല്‍ എന്‍.ഐ.എ. അഡീഷണല്‍ എസ്.പി., ഡി.ആര്‍.ഐ. ജോയന്റ് കമ്മിഷണര്‍ തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചു. ഇതിനുശേഷമാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ തലവനായി എത്തുന്നത്.

കസ്റ്റംസ് ഓഫീസറായിരിക്കേ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു ഇളവും നല്‍കാത്ത ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാംഖഡെ. വിദേശരാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന വസ്തുക്കള്‍ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനല്‍കിയിരുന്നില്ല. 2013-ല്‍ മുംബൈ വിമാനത്താവളത്തില്‍ ഗായകന്‍ മിക സിങ്ങിനെ വിദേശകറന്‍സിയുമായി പിടികൂടിയത് സമീറായിരുന്നു. ഷാരൂഖ് ഖാന്‍, വിവേക് ഒബ്റോയി, രാംഗോപാല്‍ വര്‍മ, അനുരാഗ് കശ്യപ് എന്നിവരും സമീറിന്റെ കര്‍ശന നിരീക്ഷണവലയില്‍പ്പെട്ടവരാണ്. 2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വര്‍ണക്കപ്പുപോലും മുംബൈ വിമാനത്താവളത്തില്‍നിന്ന് വിട്ടുനല്‍കിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്.

നികുതി അടയ്ക്കാത്തതിന് പല പ്രമുഖരും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരേയാണ് മഹാരാഷ്ട്ര സര്‍വീസ് ടാക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മിഷണറായിരിക്കേ സമീര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍.സി.ബി.യില്‍ ചുമതലയേറ്റെടുത്തശേഷം ഏകദേശം 17,000 കോടി രൂപയുടെ ലഹരിമരുന്നുവേട്ടയാണ് സമീര്‍ വാംഖഡെയുടെ നേതൃത്വത്തില്‍ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വീടുകളില്‍ സമീര്‍ ഒരു മടിയുംകൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല. തനിക്കെതിരേ ഭീഷണി നിലനില്‍ക്കെത്തന്നെ മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ പിന്തുടരുന്നുവെന്ന പരാതി മഹാരാഷ്ട്ര ഡി.ഐ.ജി.ക്ക് നല്‍കിയ ദിവസമാണ് അദ്ദേഹം മാതൃഭൂമി വാരാന്തപ്പതിപ്പുമായി സംസാരിക്കുന്നത്.

ബോളിവുഡ് കിങ് ഖാന്റെ മകന്‍ ആര്യന്‍ഖാനെ അറസ്റ്റുചെയ്തതോടെ പൊതുജനത്തിന്റെ മനസ്സില്‍ താങ്കളാണ് ഹീറോ. എന്തു തോന്നുന്നു

ഞാന്‍ സാധാരണക്കാരനായ ഒരു സര്‍ക്കാര്‍ജീവനക്കാരനാണ്. സര്‍ക്കാരാണ് എനിക്ക് ശമ്പളം നല്‍കുന്നത്. ഈ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് എന്റെ സേവനം. അവരെയും രാജ്യത്തെയും മരണംവരെ ഞാന്‍ സേവിക്കും. അതില്‍ ഞാന്‍ ഹീറോയല്ല. ജനങ്ങളാണ് എന്റെ ഹീറോ. ഞാനെന്റെ കടമ നിര്‍വഹിക്കുന്നു. അതില്‍ കവിഞ്ഞൊന്നും തന്നെയില്ല.

ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണംമുതല്‍ താങ്കള്‍ വേട്ടയാടിയത് വമ്പന്‍സ്രാവുകളെയാണ്. ഭീഷണികള്‍ പിന്നാലെയുണ്ടാവുമല്ലോ

1985ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് നിയമം ലംഘിക്കുന്നവരെയാണ് ഞങ്ങള്‍ അറസ്റ്റു ചെയ്യുന്നത്. അതില്‍ വലിയവരോ ചെറിയവരോ എന്നില്ല. ജാതി, മതം, വര്‍ണം ഒന്നും പ്രശ്‌നമല്ല. നിയമലംഘകരെ അറസ്റ്റു ചെയ്യുന്നു, അത്രമാത്രം. മയക്കുമരുന്ന് ഇന്ന് രാജ്യം നേരിടുന്ന വലിയ വിപത്താണ്. അത് വലിയവിഭാഗം യുവജനതയെയാണ് കൊന്നൊടുക്കുന്നത്. അതിനെ ഏതുവിധേനെയും പ്രതിരോധിക്കേണ്ടത് രാജ്യത്തെ സാധാരണപൗരന്‍ എന്ന നിലയില്‍ എന്റെ കടമയാണ്. ഞാനും എന്റെ സംഘാംഗങ്ങളും ആത്മാര്‍ഥതയോടെ ജോലിചെയ്യുന്നു. അതില്‍ കവിഞ്ഞൊന്നുംതന്നെയില്ല. പിന്നെ ഭീഷണി, അത് ഈ ജോലിയുടെ ഭാഗം തന്നെയാണ്. ഞാനും എന്റെ സംഘവും അത്തരം കാര്യങ്ങളെ ഭയക്കുന്നില്ല. മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കുക എന്നത് ഞങ്ങള്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്.

ആര്യന്‍ഖാന്റെ അറസ്റ്റോടെയാണ് താങ്കള്‍ വീണ്ടും വിവാദനായകനായത്

ഇതില്‍ വിവാദത്തിന്റെ പ്രശ്‌നങ്ങളോ, നായകപ്രശ്‌നങ്ങളോ ഇല്ല. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കപ്പലില്‍വെച്ച് ആര്യന്‍ഖാനെയും സംഘത്തെയും അറസ്റ്റു ചെയ്തത്. വെറുതേ ആരെയെങ്കിലും അറസ്റ്റു ചെയ്യുമോ? കേന്ദ്ര സുരക്ഷാസേനയ്ക്കാണ് കപ്പലില്‍ ഇത്തരമൊരു മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്ന വിവരം ആദ്യം ലഭിക്കുന്നത്. അവര്‍ എന്‍.സി.ബി.ക്ക് വിവരം കൈമാറുകയായിരുന്നു. കോടതിയില്‍ കിടക്കുന്ന കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല, അത് നിയമലംഘനമാകും.

കപ്പലില്‍ യാത്രക്കാരായി കയറിയാണ് അറസ്റ്റുചെയ്തതെന്ന് പറയുന്നു. അതെങ്ങനെയായിരുന്നു

അതിന് കൃത്യമായ വഴികളുണ്ട്. ഓരോ കേസും ഞങ്ങളിലേക്ക് എത്തുന്നത് വിശദമായി പരിശോധിക്കും. വസ്തുതകളിലെ സത്യസന്ധത ബോധ്യപ്പെട്ടാല്‍ മാത്രമേ റെയ്ഡ് നടത്താറുള്ളൂ. എടുത്തുചാടി ഒന്നും ചെയ്യാറില്ല. എന്‍.സി.ബി.യുടെയും മുംബൈ പോലീസിന്റെയും ശൃംഖല ശക്തമാണ്. സന്നദ്ധസംഘടനകള്‍, മാതാപിതാക്കള്‍, സമൂഹത്തോട് ഉത്തരവാദിത്വമുള്ള പൗരന്മാര്‍ അങ്ങനെ എല്ലാവരും ഞങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാറുണ്ട്, എല്ലാ കാര്യവും വെളിപ്പെടുത്താനാവില്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഈവര്‍ഷംതന്നെ 312 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. നൂറിലധികം കേസുകളും രജിസ്റ്റര്‍ചെയ്തുകഴിഞ്ഞു. മയക്കുമരുന്ന് നിയമം ലംഘിക്കുന്നവര്‍ ചെറിയവരോ വലിയവരോ എന്നു നോക്കാറില്ല. നിയമലംഘനം നടത്തുന്നവര്‍ ആരായാലും അറസ്റ്റുചെയ്യും, കേസെടുക്കും.

ആര്യന്‍ഖാനില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല എന്ന വാദമാണല്ലോ ഇപ്പോള്‍ ഉയരുന്നത്

കോടതിയില്‍ കിടക്കുന്ന കേസായതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഈ കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്നിന്റെ കണ്ണികളെ കണ്ടെത്താനായിട്ടുണ്ട്. പതിനേഴിലധികം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ആര്യന്‍ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ്. അതിനുള്ള തെളിവുകളുമുണ്ട്. മുംബൈയില്‍തന്നെ ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നവരുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ലഭിച്ചിട്ടുണ്ട്. വിദേശ ബന്ധങ്ങളെപ്പറ്റിയും അന്വേഷണം നടക്കുന്നു. റെയ്ഡില്‍ മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. കൊക്കെയ്ന്‍, എം.ഡി.എം.എ., മെഫഡ്രോണ്‍, ഹൈഡ്രോഫോണിക് വീഡ്, ഹാഷിഷ് ഉള്‍പ്പെടെ വിവിധയിനം മയക്കുമരുന്നുകളാണ് കണ്ടെത്തിയിട്ടുള്ളത്.

ആര്യന്‍ഖാനെ താങ്കള്‍ ഷാരൂഖ്ഖാന് മുന്നില്‍വെച്ച് മുഖത്തടിച്ചുവെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അത് സത്യമാണോ

ഇതിലൊന്നും യാതൊരു വസ്തുതയുമില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ഞങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ഇത്തരം മര്‍ദനമുറകള്‍ അവലംബിക്കാറില്ല എന്നകാര്യം ആദ്യം മനസ്സിലാക്കുക. ഇതൊക്കെ ആര്‍ക്കുവേണ്ടി പടച്ചുവിടുന്ന വാര്‍ത്തകളാണെന്ന് എനിക്കറിയില്ല

ആര്യന്‍ഖാന്‍ താന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തനരംഗത്തെത്തുമെന്ന് അങ്ങയോട് പറഞ്ഞതായും കണ്ടല്ലോ. വസ്തുതയെന്താണ്

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരെ കൗണ്‍സലിങ്ങിന് വിധേയമാക്കാറുണ്ട്. അതില്‍ സന്നദ്ധസംഘടനയുടെ അംഗങ്ങള്‍, ആത്മീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരൊക്കെ വരാറുണ്ട്, സംസാരിക്കാറുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന പലര്‍ക്കും പിന്നീട് കുറ്റബോധം തോന്നി ചിലര്‍ ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്. ആര്യന്‍ഖാനെ മാത്രമല്ല എല്ലാവരെയും കൗണ്‍സലിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. ആര്യന്‍ഖാന്‍ പറഞ്ഞത് വാര്‍ത്തയായി എന്നേയുള്ളൂ.

വമ്പന്‍സ്രാവുകളെ പിടികൂടുമ്പോള്‍ ഉന്നതങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടാവുക സ്വാഭാവികമാണല്ലോ? അത്തരം സമ്മര്‍ദം ഉണ്ടായിട്ടുണ്ടോ

എന്റെ ഉന്നതരായ ഓഫീസര്‍മാരില്‍നിന്ന് ഇതുവരെ എനിക്ക് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. അതെന്റെ ഭാഗ്യമായാണ് കാണുന്നത്. അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. എന്റെ ഓരോ സേവനകാലത്തും അത്തരം ഓഫീസര്‍മാര്‍ എന്റെ കൂടെ നിന്നിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. അവര്‍ എന്റെ സേവനത്തിലെ ശക്തിയാണ്.

ചില രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, താങ്കള്‍ ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപണമുന്നയിക്കുന്നുണ്ടല്ലോ?

അതിന് ഞാന്‍ മറുപടി പറയുന്നില്ല. ആരാണോ നിയമലംഘകര്‍ അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. രാഷ്ട്രീയം എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. അവര്‍ക്ക് അവരുടെ വഴി, എനിക്ക് എന്റെ വഴി.

ഐ.ആര്‍.എസ്. ഓഫീസര്‍, കസ്റ്റംസ് ഓഫീസര്‍, എന്‍. ഐ.എ.യില്‍, ഇപ്പോള്‍ എന്‍.സി.ബി.യില്‍... ഏതു സേവനമേഖലയോടാണ് കൂടുതല്‍ ഇഷ്ടം

ഓരോ മേഖലയിലും സേവനം നടത്താന്‍ എനിക്ക് അവസരം നല്‍കിയ കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ട്. എല്ലാ മേഖലയിലെയും ജോലിയും വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒന്നിനോട് പ്രത്യേകിച്ച് ഇഷ്ടം എന്നൊന്നില്ല. എല്ലാ ജോലിയും ഏറ്റെടുക്കാന്‍ ഞാന്‍ സന്നദ്ധനുമാണ്. ഓരോ ജോലിയും ഇഷ്ടത്തോടെയാണ് ചെയ്യുന്നതും. എല്ലാം രാഷ്ട്രത്തെ സേവിക്കലാണ്. അത് മനോഹരമായി, ആത്മാര്‍ഥതയോടെ ഞാന്‍ ചെയ്യുന്നു. അതില്‍ പൂര്‍ണ തൃപ്തനാണ് ഞാന്‍.

sameer
സമീര്‍ വാംഖഡെ എന്‍.ഐ.എ.യില്‍ ഉണ്ടായിരുന്ന സമയത്ത് അമേരിക്കയില്‍ വച്ചുനടന്ന ആയുധപരിശീലനത്തിനിടെ

നടത്തിയ വലിയ ഓപ്പറേഷനുകളെപ്പറ്റി പറയാമോ

വിമാനത്താവളത്തില്‍ സേവനത്തിലുണ്ടായിരുന്ന സമയത്ത് വന്‍മയക്കുമരുന്നു വേട്ട നടത്തിയിട്ടുണ്ട്. വലിയ കണ്ടെയ്നറുകളില്‍ വന്ന ഹെറോയിന്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മുംബൈ നഗരത്തിലെ മാന്‍കൂര്‍ഡില്‍വെച്ച് എട്ടോളം പെട്ടികളില്‍ വന്ന മയക്കുമരുന്നും നൈജീരിയക്കാരെയും അറസ്റ്റുചെയ്തു. ഞങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണം ഉണ്ടായി. അന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഓപ്പറേഷനായിരുന്നു അത്. ആ സംഘത്തെ പൂര്‍ണമായും ഇല്ലാതാക്കി എന്ന ആശ്വാസമുണ്ട്. ആക്രമണത്തില്‍ രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വലിയ പദവികളിലിരുന്നു-ഇനി താങ്കളുടെ സ്വപ്നമെന്താണ്

ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലായിരുന്നു. എപ്പോഴും എന്റെ മാതാവ് പറയുന്നകാര്യം രാജ്യത്തെ ആത്മാര്‍ഥമായി സേവിക്കുക എന്നതാണ്. ആ ഉപദേശം എപ്പോഴും എന്റെ മനസ്സിലുണ്ട്. എന്റെ അവസാനശ്വാസംവരെ മാതാവിന്റെ ഉപദേശം ഞാന്‍ പിന്തുടരും.

കുടുംബത്തെപ്പറ്റി...

എന്റെ അച്ഛനും പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ സേവനത്തില്‍നിന്ന് വിമരമിച്ചു. പേര് നാംദേവ് വാംഖഡെ, അമ്മ സൈഡ വാംഖഡെ. സന്നദ്ധസംഘടന നടത്തിയിരുന്നു. മുംബൈ നഗരത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ഭക്ഷണം എന്നിവ നല്‍കിയിരുന്നു. ഇപ്പോള്‍ അമ്മയില്ല. സഹോദരി ജാസ്മിന്‍ അഭിഭാഷകയാണ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ സന്നദ്ധസംഘടന നടത്തുന്നുണ്ട്. ഭാര്യ മറാഠി നടി ക്രാന്തി രേദ്ഖര്‍. അവരിപ്പോള്‍ പൂര്‍ണമായും കുടുംബിനിയാണ്. ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികളാണുള്ളത്.

യുവജനതയ്ക്ക് വല്ല ഉപദേശവുമുണ്ടോ

മാതാപിതാക്കളോടാണ് എനിക്ക് പറയാനുള്ളത്. കുട്ടികളെ നന്നായി ശ്രദ്ധിക്കണം. അവര്‍ മയക്കുമരുന്നിന്റെ വഴിയിലേക്ക് മാറുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിച്ചാല്‍ത്തന്നെ മനസ്സിലാവും. അവരുടെ ദിവസച്ചെലവും നിരീക്ഷിക്കണം. കുട്ടികള്‍ മയക്കുമരുന്നിന് അടിമയായാല്‍ അവര്‍ മാത്രമല്ല രാജ്യവുമാണ് തകരുന്നത്. കുട്ടികളെ സര്‍ഗാത്മകമായി വളരാന്‍ പ്രേരിപ്പിക്കുക. കായികവിനോദങ്ങള്‍, ഹോബികള്‍ എന്നിവ വളര്‍ത്തിയെടുക്കുക. അവരെ ഈ ഇരുണ്ടലോകത്തുനിന്ന് മാറിനടക്കാന്‍ പ്രേരിപ്പിക്കുക.

ആരൊക്കെയാണ് അങ്ങയുടെ റോള്‍ മോഡലുകള്‍

ഛത്രപതി ശിവജി മഹാരാജ്, ഭഗത്സിങ്, ബാബ സാഹേബ് അംബേദ്കര്‍

നിലവില്‍ താങ്കള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നു. ഈ അവസ്ഥയെ കുടുംബം എങ്ങനെയാണ് കാണുന്നത്

എന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബത്തിന്റെ പൂര്‍ണപിന്തുണയുണ്ട്. അവരൊരിക്കലും ഭയക്കുന്ന കൂട്ടത്തിലല്ല. കുടുംബം നല്‍കുന്ന ആത്മബലം തന്നെയാണ് എന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിറകില്‍. ഞാന്‍ ആരെയും ഭയക്കുന്നില്ല.

sameer
സമീര്‍ വാംഖഡെ മാതാവ് സൈഡ വാംഖഡെയ്‌ക്കൊപ്പം

സമീര്‍ വാംഖഡെയോട് കുടുംബഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ മാതാവിനൊപ്പമുള്ള ഫോട്ടോ മാത്രമാണ് നല്‍കിയത്. അവര്‍ ആറുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. തന്റെ ജീവന് ഭീഷണി നിലനില്‍ക്കേ, കുടുംബാംഗങ്ങളെക്കൂടി അപകടത്തില്‍പ്പെടുത്തേണ്ട എന്ന കരുതലാണ് ഇതിനുപിന്നില്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ അംഗരക്ഷകരെ സുരക്ഷയ്ക്കായി നിയമിച്ചു. മുംബൈയിലെ എന്‍.സി.ബി.യുടെ ആസ്ഥാനത്ത് കൂടുതല്‍ സായുധ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. മാതാവിനെ അടക്കിയിരിക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആറുവര്‍ഷമായി സമീര്‍ വാംഖഡെ സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ട്. രണ്ട് പോലീസുകാര്‍ ഈ സെമിത്തേരിയിലെത്തുകയും ഇവിടെനിന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Content Highlights: Ncb mumbai chief sameer wankhede interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented