നാഗ്പുര്‍ (മഹാരാഷ്ട്ര): കൊടും വനപ്രദേശത്ത് ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലീസിനെ നിരീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഛത്തീസ്ഗഢ് അതിര്‍ത്തിയിലുള്ള പോലീസ് പോസ്റ്റുകള്‍ മാവോവാദികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

ഏതാനും മാസങ്ങള്‍ക്കിടെ പലതവണ ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശം പാലിച്ച് മാവോവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗഡ്ചിറോളി റേഞ്ച് ഐ.ജി സന്ദീപ് പാട്ടീല്‍ പറഞ്ഞു.

മാവോവാദികള്‍ ഉപയോഗിക്കുന്നത് ഭാരം വഹിക്കാന്‍ ശേഷിയുള്ള ആധുനിക ഡ്രോണുകളല്ല. വീഡിയോ ചിത്രീകരണത്തിനും മറ്റും ഉപയോഗിക്കുന്നവയാണെന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദില്‍നിന്നാണ് ഇവ മാവോവാദികള്‍ക്ക് ലഭിച്ചത് എന്നതാണ് പോലീസിന് ലഭിച്ച വിവരം.

Content highlights: Naxals use drones for surveillance - Police