ന്യൂഡല്‍ഹി: രാജ്യത്ത വിവിധ സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മാവോവാദികളും കശ്മീരിലെ തീവ്രവാദികളും തമ്മില്‍ സഖ്യങ്ങള്‍ രൂപപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. നിരവധി തീവ്രവാദ സജ്ജീകരണങ്ങള്‍ ഇവര്‍ നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന നക്‌സല്‍ അനുകൂല ഗ്രൂപ്പുകളും നക്‌സല്‍ അനുകൂല ബുദ്ധിജീവികളും കാശ്മീര്‍ തീവ്രവാദികളുമായി ബന്ധമുണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

കാശ്മീരില്‍ നിന്നുള്ള തെളിവുകളും ഭീമാ കൊറേഗാവില്‍ അക്രമത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പിടിച്ചെടുത്ത കത്തുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ഇത്തരമൊരു നിരീക്ഷണത്തിലേക്ക് ഇന്റലിജന്‍സ് ഏജന്‍സിയെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മഹാരാഷ്ട പോലീസിന് ലഭിച്ച കത്തുകളില്‍ നക്‌സലുകളും കശ്മീര്‍ വിഘടനവാദികളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീര്‍ താഴ്വരയിലേക്ക് വരുന്ന വിദേശ പണത്തിലാണ് ഇവര്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

ഇവരില്‍ നിന്ന് നക്‌സലുകള്‍ക്ക് പണവും സഹായങ്ങളും രാജ്യത്തുടനിളം എത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. ഇതിന്റെ ഭാഗമായി നക്‌സല്‍ അനുകൂലികളായ 15 പേര്‍ അടങ്ങുന്ന സംഘം ഈ മെയ്മാസത്തില്‍ കശ്മീര്‍ സന്ദര്‍ശിച്ചതായാണ് വിവരം. 

ഇവര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ കോടതിയില്‍ നിന്ന് ശേഖരിച്ചിരുന്നു. ഇത്തരം വിവരങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഉപയോഗിച്ച് അന്തര്‍ദേശീയ തലത്തില്‍ വിഷയം ഉയര്‍ത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രമുഖരായ മാവോയിസ്റ്റ് അനുകൂലികളില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.