ന്യൂഡല്‍ഹി: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്നുകേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡേയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മഹാരാഷ്ട്രയിലെ എന്‍.സി.പി മന്ത്രി നവാബ് മാലിക്. 'സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് തിരുത്തി, സമീര്‍ വാംഖഡേ മുസ്ലിമാണെന്നും അത് അദ്ദേഹം മറച്ചുവച്ചെന്നും നവാബ് മാലിക് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും നവാബ് മാലിക് പുറത്തുവിട്ടു.

അതേസമയം നവാബ് മാലിക്കിന് മറുപടിയുമായി എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡേ രംഗത്തെത്തി. നിലവാരമില്ലാത്ത ആരോപണമാണ് നവാബ് മാലിക് തനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മയക്കുമരുന്ന് കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണിവ. തന്റെ മരിച്ചുപോയ അമ്മയെയും അവരുടെ മതവുമെല്ലാം ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും വാംഖഡേ ചോദിച്ചു. 

ഇക്കാര്യങ്ങളില്‍ സംശയമുള്ളവര്‍ക്ക് തന്റെ ജന്മനാട്ടില്‍ പോയി ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ്. അതല്ലാതെ ഇത്തരം മലിനമായ ആരോപണങ്ങള്‍ ആരും പ്രചരിപ്പിക്കരുത്. ഇത്തരം നീക്കങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും വാംഖഡെ വ്യക്തമാക്കി. 

നേരത്തെ ഒരു വര്‍ഷത്തിനകം സമീര്‍ വാംഖഡേയുടെ ജോലി പോകുമെന്ന് നവാബ് മാലിക് പറഞ്ഞിരുന്നു. 'ബി.ജെ.പിയ്ക്ക് ഒരു പാവയുണ്ട്, വാംഖഡേ. കള്ളക്കേസുകള്‍ ഉണ്ടാക്കലാണ് അയാളുടെ ജോലി. ഒരു വര്‍ഷത്തിനുള്ളില്‍ വാംഖഡേയുടെ ജോലി തെറിക്കുമെന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്. കള്ളക്കേസുകളെ കുറിച്ചുള്ള തെളിവുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്- നവാബ് മാലിക് പറഞ്ഞു.

കേസില്‍ സമീര്‍ വാംഖഡെയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയിരുന്നു. ഗോസാവിയും വാംഖഡേയും കേസുമായി ബന്ധപ്പെട്ട് 25 കോടി രൂപയുടെ പണമിടപാട് നടത്തി എന്നായിരുന്നു ആരോപണം. 

Content Highlights: Nawab Malik's SHARP attack on Sameer Wankhede