മുംബൈ: നേവി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി തീകൊളുത്തിക്കൊന്നു. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശി സൂരജ് കുമാര്‍ ദൂബേ(26)യാണ് കൊല്ലപ്പെട്ടത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയവര്‍ സൂരജിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിക്കൊന്നതെന്ന് പാല്‍ഘര്‍ എസ്.പി. ദത്താത്രേയ ഷിന്‍ഡേ പറഞ്ഞു. 

ചെന്നൈ വിമാനത്താവളത്തിനു സമീപത്തുനിന്ന് ജനുവരി 30-നാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മഹാരാഷ്ട്രയിലെ പാല്‍ഘറിനു സമീപത്തെ വേവാജി വനമേഖലയില്‍ എത്തിച്ചു. സൂരജിനെ വിട്ടയക്കണമെങ്കില്‍ പത്തുലക്ഷം നല്‍കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം നിറവേറ്റാന്‍ സൂരജിന്റെ ബന്ധുക്കള്‍ക്കായില്ല. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയവര്‍ സൂരജിനെ തീകൊളുത്തി വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ദത്താത്രേയ ഷിന്‍ഡേ കൂട്ടിച്ചേര്‍ത്തു. 

കോയമ്പത്തൂരിലെ ഐ.എന്‍.എസ്. അഗ്രണിയിലാണ് സൂരജ് സേവനമനുഷ്ഠിച്ചിരുന്നത്. അവധിയിലായിരുന്ന സൂരജ്, റാഞ്ചിയിലെ കുടുംബത്തെ സന്ദര്‍ശിച്ച് മടങ്ങി വന്നപ്പോഴായിരുന്നു മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഘാംഗങ്ങളില്‍ ഒരാളുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നും വെളുത്ത നിറമുള്ള എസ്.യു.വിയിലാണ് ഇവര്‍ സൂരജിനെ തട്ടിക്കൊണ്ടുപോയതെന്നുമാണ് വിവരം. സൂരജിനെ മൂന്നുദിവസം ചെന്നൈയില്‍ പാര്‍പ്പിച്ചിരുന്നു. പിന്നീടാണ് പാല്‍ഘറിലെ വനമേഖലയിലേക്ക് കൊണ്ടുപോയത്. 

പ്രദേശവാസികളാണ് 90 ശതമാനം പൊള്ളലേറ്റ നിലയില്‍ സൂരജിനെ വെള്ളിയാഴ്ച വനത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡഹാണുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനു പിന്നാലെ ഐ.എന്‍.എസ്. അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് സൂരജ് മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ദത്താത്രേയ കൂട്ടിച്ചേര്‍ത്തു. 

content highlights: navy official dies after kidnappers sets him on fire