ന്യൂഡല്‍ഹി: മുപ്പത് വര്‍ഷം പഴക്കമുള്ള റോഡിലെ തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതക കേസില്‍ പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദുവിന് ആശ്വാസം. ശിക്ഷയില്‍ നിന്ന് ഒഴിവാക്കി സിദ്ദുവിന് 1000 പിഴ മാത്രമാണ് കോടതി കേസില്‍ വിധിച്ചത്‌

കേസില്‍ ഹൈക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ സിദ്ധു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. അതേ സമയം 323-ാം വകുപ്പ് പ്രകാരം മുറിവേല്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ അപകടം നടത്തിയതിന്റെ പേരില്‍ സിദ്ധു 1000 രൂപ പിഴ നല്‍കണമെന്ന് കോടതി അറിയിച്ചു.

റോഡില്‍ വാക്കേറ്റത്തെത്തുടര്‍ന്ന് 1988-ല്‍ സിദ്ദുവിന്റെയും കൂട്ടാളിയുടെയും മര്‍ദനമേറ്റ പാട്യാല സ്വദേശിയായ ഗുര്‍ണാംസിങ് മരിച്ചുവെന്നാണ് കേസ്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സിദ്ധുവിനെയും കൂട്ടാളി രൂപിന്ദര്‍സിങ് സന്ധുവിനെയും ഹൈക്കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതി വിധി സ്റ്റേ ചെയ്തതിനാല്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നില്ലായിരുന്നു. 

സുപ്രീംകോടതിവിധി എതിരായാല്‍ സിദ്ദുവിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമായിരുന്നു. തനിക്കെതിരായ തെളിവുകളില്‍ വൈരുധ്യമുണ്ടെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ചത്.