ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ സുഹൃത്തായ പാക് വനിതയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗര്‍ രംഗത്ത്. അമരീന്ദര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പാക് വനിതയായ അറൂസ ആലം പഞ്ചാബ് ഡിജിപിയെ പോലായണ് പെരുമാറിയിരുന്നത്. പാക് വനിതയും മകനും പഞ്ചാബിന്റെ പണവുമായി കടന്നു കളഞ്ഞെന്നും അവര്‍ ആരോപിച്ചു. വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി നവ്ജോത് കൗര്‍ രംഗത്തെത്തിയത്.

കൈക്കൂലി വാങ്ങാതെ പഞ്ചാബില്‍ നിയമനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ പണം ഉപയോഗിച്ചാണ് അമരീന്ദര്‍ സിങ് അറൂസ ആലത്തിന് സമ്മാനങ്ങള്‍ നല്കിയതെന്നുമുള്ള കടുത്ത ആരോപണമാണ് നവ്‌ജോത് കൗര്‍ ഉയര്‍ത്തുന്നത്. " അമരീന്ദര്‍ വന്‍ തുക കൈക്കൂലി വാങ്ങാതെ പഞ്ചാബില്‍ നിയമനങ്ങള്‍ നടന്നിട്ടില്ലെന്നത് പരസ്യമായ രഹസ്യമാണ്. അറൂസ ആലത്തിന് സമ്മാനങ്ങള്‍ നല്‍കാന്‍ ഈ തുകയാണ് ഉപയോഗിച്ചിരുന്നത്." - നവ്‌ജോത് കൗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും പുറത്തിറക്കിയിരുന്നു. അറൂസയ്ക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധവും അന്വേഷിക്കും. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കണ്ട് അന്വേഷണം നടത്തുമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞിരുന്നു. എല്ലാ ആരോപണങ്ങളും അന്വേഷിക്കാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചത് അമരീന്ദറിനെ ചൊടിപ്പിച്ചിട്ടുണ്ട്. അറൂസ ആലവുമായുള്ള സൗഹൃദം അന്വേഷിക്കാനുള്ള നീക്കങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. പഞ്ചാബിലെ നിയമവ്യവസ്ത പരിപാലിക്കുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ക്യാപ്റ്റന്‍ കുറ്റപ്പെടുത്തി. അറൂസ ആലം കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അത് സര്‍ക്കാര്‍ അനുവാദത്തോടെയാണെന്നും അമരീന്ദര്‍ പ്രതികരിച്ചു.

Content Highlights: Navjot Singh Sidhu's wife attacks Amarinder Singh, says Aroosa Alam acted as Punjab DGP in his regime