ചണ്ഡീഗഢ്: പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള നവജ്യോത് സിങ് സിദ്ദുവിന്റെ രാജിക്കത്ത് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് സമവായത്തിലെത്തിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദേശമെന്നാണ് സൂചനകള്‍. അതിനിടെ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ധുവിനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായുളള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

സിദ്ധു അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെങ്കില്‍ ആ സ്ഥാനത്ത് അഭിപ്രായമില്ലാതെ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കില്ല. രാജി പിന്‍വലിക്കാന്‍ ഞങ്ങള്‍ സിദ്ധുവിനോട് അഭ്യര്‍ഥിക്കുന്നു. പരാതികള്‍ പരിഹരിക്കാനായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈറ പറഞ്ഞു. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് പിസിസി അധ്യക്ഷസ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവെച്ചത്. കോണ്‍ഗ്രസില്‍ തുടരുമെന്നും പിസിസി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ സിദ്ദു പറഞ്ഞു. 

സിദ്ദുവിന്റെ രാജിക്ക് പിന്നാലെ കഴിഞ്ഞദിവസം മന്ത്രിയായി ചുമതലയേറ്റ റസിയ സുല്‍ത്താനയും ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഗൗതം സേത്തും യോഗിന്ദര്‍ ദിങ്ക്രയും രാജിവെച്ചിരുന്നു. സിദ്ധുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജി എന്നാണ് മൂന്ന് നേതാക്കളും പ്രതികരിച്ചത്. 

Content Highlights: Navjot Singh Sidhu's resignation as Punjab Congress chief not accepted by party's top leadership