ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ 10 ന് അയച്ച കത്ത് സിദ്ദു ഇന്ന് ട്വിറ്ററിലൂടെ പുറത്ത് വിടുകയായിരുന്നു. രാജിവെക്കാന്‍ എന്താണ് കാരണമെന്ന് കത്തിലോ സിദ്ദുവിന്റെ ട്വീറ്റിലോ വ്യക്തമാക്കിയിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രിക്ക് ഉടന്‍ രാജി കത്ത് കൈമാറുമെന്നും സിദ്ദു ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിദ്ദുവിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നഷ്ടപ്പെട്ടിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ബിജെപിയില്‍ നിന്ന് രാജിവെച്ച് 2017-ല്‍ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചതും സിദ്ദുവും അമരീന്ദര്‍ സിങും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കാനിടയാക്കിയിരുന്നു.

ജൂണ്‍ 10-ന് രാജിവെക്കുന്നുവെന്ന് അറിയിച്ച് സിദ്ദു രാഹുലിന് കത്തയച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരേയും വന്നിട്ടില്ല.

Content Highlights: Navjot Singh Sidhu resigns from the Punjab Cabinet