ലക്‌നൗ: പഞ്ചാബ് കോണ്‍ഗ്രസ്(പിസിസി) അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ പഞ്ചാബിന്റെ ഭാവിയില്‍ ഒത്തുതീര്‍പ്പിനില്ല എന്ന് സിദ്ദു വ്യക്തമാക്കുന്നു. പാര്‍ട്ടി സംസ്ഥാന  അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. 

പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും സിദ്ദു രാജിക്കത്തില്‍ പറയുന്നുണ്ട്‌.

സിദ്ദു ചുമതലയേറ്റ് രണ്ട് മാസം തികയുന്നതിനിടെ അമരീന്ദര്‍ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടി വന്നു. സിദ്ദുവിനെതിരേ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടുകൊണ്ടാണ് അമരീന്ദര്‍ പദവി ഒഴിഞ്ഞത്.

വ്രണിതഹൃദയനായ അമരീന്ദര്‍ ഇന്ന്‌ ഡല്‍ഹിക്ക് തിരിച്ചതിന് പിന്നാലെയാണ് സിദ്ദുവും സ്ഥാനം രാജിവച്ചിരിക്കുന്നത്. അമരീന്ദറിനെ മാറ്റിയ ഹൈക്കമാന്‍ഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരണ്‍ജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയാക്കിയത്. ഇതാണോ പെട്ടെന്നുള്ള രാജിക്ക് കാരണമെന്ന് വ്യക്തമല്ല.

മന്ത്രിമാരെ നിശ്ചയിക്കുന്നതിലുണ്ടായ ഭിന്നതയും രാജിയിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആരോപണ വിധേയനായ ഗുര്‍ജീത് സിങ്ങിനെ മന്ത്രിയാക്കുന്നതിനെ സിദ്ദു എതിര്‍ത്തിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവായ അരുണ ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതിനെയും സിദ്ദു എതിര്‍ത്തിരുന്നു. അത് അംഗീകരിക്കപ്പെട്ടില്ല. ഇത് കൂടാതെ സിദ്ദു നിര്‍ദേശിച്ച രാജ് കുനാര്‍ ഛബേവാളിനെ മന്ത്രിയാക്കാത്തതും ഭിന്നത രൂക്ഷമാക്കിയെന്നാണ് സൂചന.