ലാഹോര്‍ (പാകിസ്താന്‍): പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനംചെയ്ത നടപടിയെ ന്യായികരിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ഒരു നിമിഷംമാത്രം നീണ്ടുനിന്ന് ആലിംഗനം മാത്രമായിരുന്നു ഇതെന്നും റഫാല്‍ ഇടപാടുപോലെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ത്താര്‍പുര്‍ സാഹിബ് യാത്രാ ഇടനാഴിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്താനില്‍ എത്തിയ സിദ്ദു ലാഹോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. രണ്ട് പഞ്ചാബികള്‍ കണ്ടുമുട്ടിയാല്‍ ആലിംഗനം ചെയ്യുന്നത് പതിവാണെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, റഫാല്‍ ആരോപണം പാകിസ്താനില്‍ ഉന്നയിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.

കര്‍ത്താര്‍പുര്‍ യാത്രാ ഇടനാഴിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് നിരസിച്ചിരുന്നു. പഠാന്‍കോട്ടും അമൃത്സറിലും അടക്കം നടന്ന ഭീകരാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ക്ഷണം നിരസിച്ചത്. എന്നാല്‍ തന്റെ സന്ദര്‍ശനത്തെ രാഷ്ട്രീയവത്കരിക്കേണ്ടെന്ന നിലപടാണ് സിദ്ദു സ്വീകരിച്ചിട്ടുള്ളത്.

Content Highlights: Navjot Singh Sidhu, Rafael deal, Pakistan