നവജ്യോത് സിങ് സിദ്ധു| Photo: PTI
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളി രൂക്ഷമായ തര്‍ക്കം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി കോണ്‍ഗ്രസ്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പ്രധാന എതിരാളി നവജ്യോത് സിങ് സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനായി കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിച്ചേക്കും. നിലവിലെ അധ്യക്ഷന്‍ സുനില്‍ ജാക്കറിനെ മാറ്റിയാകും സിദ്ധുവിന്റെ നിയമനം. ഒപ്പം രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരേയും നിയമിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള സാധ്യതയുമുണ്ട്. ചരഞ്ജിത് ചാന്നി, ഗുര്‍പ്രീത് കംഗര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടും.നിയമസഭാ സ്പീക്കര്‍ റാണ കെ.പി.സിങ്, എംഎല്‍എ രാജ്കുമാര്‍ വെര്‍ക, ദളിത് സമുദായത്തില്‍ നിന്നുള്ള മറ്റൊരു എംഎല്‍എ തുടങ്ങിയ മൂന്നോ നാലോ പേര്‍ പുതുതായി മന്ത്രിസഭയില്‍ എത്തുമെന്നാണ് സൂചന.
സോണിയ ഗാന്ധി നിയോഗിച്ച മൂന്നാംഗ സമിതിക്ക് മുമ്പാകെ എംഎല്‍എമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ദളിത് സമുദായത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്നുള്ളത്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ദുവും കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല പുറത്ത് വരുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമരീന്ദര്‍ സിങ് പറഞ്ഞിരുന്നത്.
2017 തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദര്‍ സിങും സിദ്ധുവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ധു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഈ നീക്കം തടയുകയായിരുന്നു. സിദ്ധുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് രാജിവെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..