ഛണ്ഡീഗഢ്: നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ അമരക്കാനായി ഔദ്യോഗികമായി ചുമതലയേറ്റു. തര്‍ക്കങ്ങള്‍ക്ക് താത്കാലിക വിരാമമിട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ സാന്നിധ്യത്തിലാണ് സിദ്ധുപദവി ഏറ്റെടുത്തത്. ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ സിദ്ധു, രാഷ്ട്രീയത്തില്‍ പുതിയ ചുമതല ഏറ്റെടുത്തത് ക്രിക്കറ്റ് സ്റ്റൈലിലായിരുന്നു. 

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സിദ്ധുവിനെ പിസിസി അധ്യക്ഷനായി നിയമിച്ചത്. അമരീന്ദര്‍ സിങിന് സമീപത്തായി ഇരുന്ന സിദ്ധു കസേരയില്‍ നിന്നെഴുന്നേറ്റ് ബാറ്റ് വീശുന്നത് അനുകരിച്ചുകൊണ്ടാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനായി പ്രസംഗപീഠത്തിലെത്തിയത്.

പഞ്ചാബിലെ ഒരു സാധാരണ പ്രവര്‍ത്തകനും പാര്‍ട്ടി അധ്യക്ഷനും തമ്മില്‍ ഒരു വ്യത്യാസവുമുണ്ടാകില്ലെന്ന് ചുമതലയേറ്റ ശേഷം സിദ്ദു പറഞ്ഞു.'പഞ്ചാബിലെ ഒരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇന്നുമുതല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി' സിദ്ധു പറഞ്ഞു.

സിദ്ധുവിന്റെ സ്ഥാനാരോഹണ ചടങ്ങിന് അമരീന്ദര്‍ സിങ് എത്തിയെങ്കിലും ഇരുനേതാക്കളും തമ്മില്‍ വേദിയില്‍ സംസാരിക്കുന്നതോ  ഒരുമിച്ച് ഫോട്ടോയ്ക്ക് പ്രത്യേകമായി പോസ് ചെയ്യുന്നതോടെ കാണാനായില്ല.

അതേ സമയം പ്രസംഗത്തില്‍ അമരീന്ദര്‍ സിങ് സിദ്ധു ജനിച്ച വര്‍ഷം താന്‍ സൈന്യത്തില്‍ ചേര്‍ന്ന കാര്യവും സിദ്ധുവിന്റെ പിതാവ് തന്നെ സഹായിച്ച കാര്യവും അദ്ദേഹം പറയുകയുണ്ടായി.

പഞ്ചാബ് ഭവനില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങി മുന്നോടിയായി സിദ്ധു അമരീന്ദര്‍ സിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മാസത്തിന് ശേഷമായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.