സിദ്ദുവും, അമരീന്ദർ സിങും (ഫയൽ ചിത്രം) | Photo: ANI
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പരസ്യവിമര്‍ശനത്തിന് പിന്നാലെ, തന്റെ ഉപദേശകരെ വസതിയിലേക്ക് വിളിപ്പിച്ച് പി.സി.സി. അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. വിവാദവിഷയങ്ങളില്‍ സംസാരിക്കരുതെന്നും ഉപദേശകരെ സിദ്ദു നിയന്ത്രിക്കണമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് തന്റെ ഉപദേശകരായ മല്‍വീന്ദര്‍ സിങ് മാലിയേയും പ്യാരേ ലാല്‍ ഗാര്‍ഗിനെയും സിദ്ധു പട്യാലയിലെ വീട്ടിലേക്ക് വിളിപ്പിച്ചത്.
ഓഗസ്റ്റ് 11-നാണ് സിദ്ധുവിന്റെ ഉപദേശകരായി മല്‍വീന്ദര്‍ സിങ്ങും ഗാര്‍ഗും ചുമതലയേല്‍ക്കുന്നത്. ചുമതലയേറ്റതിന് പിന്നാലെ ഇരുവരും പാകിസ്താന്, കശ്മീര്‍ വിഷയങ്ങളില്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കണമെന്ന് സിദ്ദു തന്റെ ഉപദേശകരോട് ആവശ്യപ്പെടണമെന്നായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ പരസ്യവിമര്‍ശം.
കശ്മീര്‍ കാശ്മീരികളുടേതാണ്. യു.എന്‍.ഒ. പ്രമേയങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് ഇന്ത്യയും പാകിസ്താനും അനധികൃതമായി കശ്മീരിനെ പിടിച്ചെടുത്തു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെങ്കില്‍ ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവയുടെ ആവശ്യമെന്തായിരുന്നു? എന്നായിരുന്നു സിദ്ദുവിന്റെ ഉപദേശകരില്‍ ഒരാളായ മല്‍വീന്ദര്‍ സിങ് മാലിയുടെ പരാമര്‍ശം.
content highlights: Navjot Sidhu summons his 2 advisers over their controversial remarks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..