ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെ പ്രശംസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൊതുപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന സിദ്ദുവിനെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ആദ്യം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഇപ്പോഴത്തെ മുഖ്യമന്ത്രി ചന്നിയും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

'സിദ്ദു എന്താണ് ഇന്നലെ വേദിയില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ധീരതയെ ഞാന്‍ അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് മണല്‍ മാഫിയയെ ഇല്ലാതാക്കി, മണല്‍വില കിലോയ്ക്ക് അഞ്ച് രൂപയായി കുറച്ചു എന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. എന്നാല്‍ അതൊരു നുണയാണ്, നിരക്ക് ഇപ്പോഴും 20 ആണെന്ന് സിദ്ദു തിരുത്തി',  കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

ചരണ്‍ജിത്ത് സിങ് ചന്നി നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് സിദ്ദു തന്നെ പറഞ്ഞു. സിദ്ദു പൊതുജനങ്ങളുടെ പ്രശ്നങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും അദ്ദേഹത്തെ ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആദ്യം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഇപ്പോള്‍ മുഖ്യമന്ത്രി ചന്നിയും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു. തന്റെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മഹത്തായ കാര്യങ്ങളാണ് സിദ്ദു ചെയ്യുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കാതെ എതിരാളികളെ പിന്തുടരുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ ചന്നിയോ സിദ്ദുവോ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. യുപിയില്‍ യോഗിയോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാകുമെന്ന് ബിജെപിയും പ്രഖ്യാപിക്കുന്നില്ല. ഗോവയിലും ഉത്തരാഖണ്ഡിലും അതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Navjot Sidhu Is Right On "Rs 20 Rate Mafia", Says Arvind Kejriwal