ന്യൂഡല്‍ഹി: മൈസൂരടക്കം രാജ്യത്തെ ആറ് നഗരങ്ങളെ ഫൈവ് സ്റ്റാര്‍ മാലനിന്യരഹിത നഗരങ്ങളായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നവി മുംബെ, ഇന്‍ഡോര്‍, മൈസൂര്‍, സൂറത്ത്, രാജ്‌കോട്ട്, അംബികപുര്‍(ഛത്തീസ്ഗഢ്) എന്നീ ആറ് നഗരങ്ങളെയാണ് ഫൈവ് സ്റ്റാര്‍ മാലിന്യരഹിത നഗരങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. 

കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണിത്. പദ്ധതിയുടെ പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെങ്കില്‍ ഒരു നഗരത്തെ ''മാലിന്യരഹിതം'' എന്ന് പ്രഖ്യാപിക്കാം. ദക്ഷിണേന്ത്യയില്‍നിന്ന് മൈസൂര്‍ മാത്രമാണ് ഫൈവ് സ്റ്റാര്‍ മാലിന്യരഹിത നഗരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി, കര്‍ണാല്‍, തിരുപ്പതി, വിജയവാഡ, ഛണ്ഡീഗഢ്, ഭിലായ് നഗര്‍, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ ത്രിസ്റ്റാര്‍ മാലിന്യ രഹിത നഗരങ്ങളാണ്. ആറ് സംസ്ഥാനങ്ങളിലെ 24 നഗരങ്ങള്‍ക്ക് ഒരു സ്റ്റാര്‍ പദവിയും നല്‍കിയിട്ടുണ്ട്.

Content Highlights: Navi Mumbai,mysore, Indore, Surat among six cities declared as '5-star garbage-free cities'