പനാജി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആദ്യ 'അറസ്റ്റഡ് ലാന്‍ഡിങ്' വിജയകരമായി പൂര്‍ത്തിയാക്കി. ഗോവയിലെ ഐ.എന്‍.എസ്. ഹന്‍സയില്‍വെച്ചാണ് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇനി താമസിയാതെ നാവിക സേനയുടെ വിമാനവാഹിനിക്കപ്പലുകളിലും ഇത്തരത്തില്‍ ലാന്‍ഡിങ് സാധ്യമാകും. 

ലാന്‍ഡിങിന് തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിങ്. വിമാനം പറന്നിറങ്ങുന്ന വേളയില്‍ ശക്തമായ വടങ്ങള്‍ വിമാനത്തില്‍ കുടുക്കുകയും ഇതുപയോഗിച്ച് വിമാനത്തെ പെട്ടെന്ന് തന്നെ പിടിച്ചുനിര്‍ത്തുകയും ചെയ്യും. വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിങിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. 

യു.എസ്.എ, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. 

നിലവില്‍ കരയില്‍നിന്നുള്ള പരീക്ഷണമാണ് വിജയകരമായതെങ്കിലും താമസിയാതെ ഐ.എന്‍.എസ്. വിക്രമാദിത്യയിലും അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷിക്കും. 2021-ല്‍ ഐ.എന്‍.എസ്. വിക്രാന്ത് ഉള്‍പ്പെടെ കൂടുതല്‍ വിമാനവാഹിനി കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നതോടെ കൂടുതല്‍ യുദ്ധവിമാനങ്ങളും ആവശ്യമാണ്. അതിനാല്‍ അറസ്റ്റഡ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയത് നാവികസേനയുടെ വലിയനേട്ടമായാണ് വിലയിരുത്തുന്നത്.

കമ്മോഡര്‍ ജെ.എ.മൗലങ്കാര്‍(ചീഫ് ടെസ്റ്റ് പൈലറ്റ്) ക്യാപ്റ്റന്‍ ശിവ്‌നാഥ് ധാഹിയ(എല്‍.എസ്.ഒ) കമാന്‍ഡര്‍ ജെ.ഡി.റത്തൂരി(ടെസ്റ്റ് ഡയറക്ടര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. 

എ.ഡി.എ,എച്ച്.എ.എല്‍,ഡി.ആര്‍.ഡി.ഒ,സി.എസ്.ഐ.ആര്‍ ലാബ്‌സ് തുടങ്ങിയവരുടെ സേവനങ്ങളും ഈ നേട്ടംകൈവരിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതായും നാവികസേന അറിയിച്ചു.

Content Highlights: naval light combat aircaft tejas maiden arrested landing successfully executed in ins hansa goa