-
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഒരാഴ്ച രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനം പിടിച്ചുനിര്‍ത്തുന്നതിന് ഏപ്രില്‍ 20 വരെ വളരെ കര്‍ശനമായ നടപടികള്‍ തുടരുമെന്നും ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി.
വൈറസ് വ്യാപനത്തെ ഓരോ തലത്തിലും പിടിച്ചുകെട്ടുന്നതിനാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മോദി പറഞ്ഞു. വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചാല്‍ പോലും നമ്മുടെ ആശങ്ക വര്‍ധിക്കും. അതുകൊണ്ടുതന്നെ ഹോട്ട്‌സ്‌പോട്ടുകളില്‍ അതീവ ജാഗ്രതയോടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നിട്ടും പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാവുകയാണങ്കില്‍ അത് നമ്മുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഏതു സാഹചര്യത്തെയും നേരിടുന്നതിന് ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ത്വരിതഗതിയില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പരിശോധനാ ലാബുകള്‍ ആരംഭിക്കുകയും ആശുപത്രികളില്‍ കിടക്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായി 600 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ദിവസവും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ സൗകര്യങ്ങളാണ് ഉള്ളതെങ്കിലും അത് പ്രയോജനപ്പെടുത്തി കൊറോണ വൈറസിനെതിരായ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ യുവ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവരണമെന്നും മോദി അഭ്യര്‍ഥിച്ചു.
ഏതാനും ചില പ്രദേശങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയാലും അത് കര്‍ശന വ്യവസ്ഥകളിന്‍മേല്‍ ആയിരിക്കും. അത്തരം ഇടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇളവുകള്‍ പിന്‍വലിക്കും. ലോക്ക്ഡൗണും അതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നപടികളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവിടുമെന്നും മോദി പറഞ്ഞു.
കൊറോണ വൈറസിനെ നേരിടുന്നതില്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എന്നാല്‍ ലോകത്തെമ്പാടും വൈറസ് വ്യാപിക്കുന്ന രീതി വളരെയേറെ ഭയപ്പെടുത്തുന്നതാണ്. ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രത്യാഘാതങ്ങളും പരമാവധി കുറച്ച് എങ്ങനെ ഇതിനെ നേരിടാനാകും എന്നത് സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തിയതായും മോദി വ്യക്തമാക്കി.
Content Highlights: Nationwide Lockdown Extended Till May 3, Super Strictness for Next One Week, Says PM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..