ന്യൂഡല്‍ഹി: നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പുതിയ ഡയറക്ടറെ പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. എന്നാല്‍ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ നാളെ നടക്കുന്ന ഇന്റര്‍വ്യൂ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസ്സമ്മതിച്ചു. പ്രമുഖ നാടകരചയിതാവ് ഡോക്ടര്‍ ജെ തുളസിധര കുറുപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

2017 ഡയറക്ടര്‍ നിയമനത്തിന് ആയി നടത്തിയ ഇന്റര്‍വ്യൂവില്‍ ഒന്നാം സ്ഥാനം ലഭിച്ചത് തുളസീധര കുറുപ്പിനാണ്. എന്നാല്‍ നിയമനം നല്‍കിയില്ല. ഇത് ചോദ്യം ചെയ്ത് കുറുപ്പ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പുതിയ ഡയറക്ടറെ തെരെഞ്ഞെടുക്കാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമ പുതിയ അപേക്ഷ ക്ഷണിച്ചത്.

പുതിയ വിജ്ഞാപന പ്രകാരം ഇന്റര്‍വ്യൂ നടത്താമെങ്കിലും, തുളസീധര കുറുപ്പ് നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയോ നിയമനം നടത്തുകയോ ചെയ്യരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അഭിഭാഷകന്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് കുറുപ്പിന് വേണ്ടി ഹാജരായത്.

Content Highlights: National School of Drama Director Delhi High Court