പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ.എം. പ്രദീപ്| മാതൃഭൂമി
ന്യൂഡല്‍ഹി: ചികിത്സപ്പിഴവ് ഉള്‍പ്പെടെ ഡോക്ടര്‍മാരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ (എന്‍.എം.സി.) നേരിട്ട് പരാതിപ്പെടാന്‍ എന്‍.എം.സി. നിയമം ഭേദഗതിചെയ്യും.
ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടര്‍മാരുടെ പേരിലുള്ള പരാതികളില്‍ രോഗിക്ക് നേരിട്ടോ ബന്ധുക്കള്‍ വഴിയോ ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ അപ്പീല്‍ നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് 2019-ലെ എന്‍.എം.സി. നിയമം ഭേദഗതിചെയ്യുക. ഇതിനുള്ള കരട് മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മുപ്പതുദിവസത്തിനുള്ളില്‍ sunilk.gupta35@nic.in എന്ന മെയിലിലേക്കോ മെഡിക്കല്‍ എജ്യുക്കേഷന്‍ പോളിസി സെക്ഷന്‍ അണ്ടര്‍ സെക്രട്ടറി, ആരോഗ്യമന്ത്രാലയം, നിര്മാണ് ഭവന് എന്ന വിലാസത്തിലോ അഭിപ്രായം അറിയിക്കാം.
ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാമായിരുന്നു. സംസ്ഥാനകൗണ്‍സില്‍ തള്ളുന്ന പരാതികളില്‍ 60 ദിവസത്തിനുള്ളില്‍ ദേശീയ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാം. സംസ്ഥാനത്ത് പരാതിപരിഗണിക്കാന്‍ ആറുമാസത്തിലേറെ സമയമെടുത്താല്‍ അതും കൗണ്‍സിലില്‍ ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നു.
എന്നാല്‍, 2019-ല്‍ ദേശീയ മെഡിക്കല്‍ കമ്മിഷന് പ്രാബല്യത്തില്‍ വന്നതോടെ ഡോക്ടര്‍മാര്‍മാത്രമേ നേരിട്ട് പരാതികളുമായി കമ്മിഷനെ സമീപിക്കാന്‍ പാടുള്ളൂവെന്ന ചട്ടം (എന്‍.എം.സി. നിയമം സെക്ഷന്‍ 30 (3)) കൊണ്ടുവന്നു.
ഇതോടെ, ദേശീയതലത്തില്‍ രോഗികളുന്നയിച്ച അറുപത്തഞ്ചോളം പരാതികള്‍ രണ്ടുവര്‍ഷത്തിനിടെ എന്‍.എം.സി. തള്ളി. ഇതിനെതിരേ പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും മെഡിക്കല്‍ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബു ആരോഗ്യമന്ത്രാലയവുമായി നടത്തിയ നിരന്തരപോരാട്ടമാണ് നിയമഭേദഗതിക്ക് വഴിതെളിച്ചത്.
സംസ്ഥാനകൗണ്‍സിലുകള്‍ തള്ളുന്ന അപ്പീലുകള്‍ പരിഗണിക്കാനായി വിദഗ്ധസമിതി രൂപവത്കരിക്കാനും ദേശീയ മെഡിക്കല്‍ കമ്മിഷന് തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി എന്‍.എം.സി., യോഗ്യരായ പ്രൊഫസര്‍മാരുടെയും അഡീഷണല്‍ പ്രൊഫസര്‍മാരുടെയും അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും വിശദാംശങ്ങള്‍ തേടി.
കാര്‍ഡിയോളജി, ഒബ്സ്ടെട്രിക് ആന്‍ഡ് ഗൈനക്കോളജി, ഓങ്കോളജി, യൂറോളജി തുടങ്ങിയ മേഖലകളില്‍ ആറുവര്ഷമോ അതില്‍ക്കൂടുതലോ അധ്യാപനപരിചയമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനാണ് എന്‍.എം.സി.യുടെ എത്തിക്സ് ആന്‍ഡ് മെഡിക്കല്‍ രജിസ്ട്രേഷന് ബോര്‍ഡിന്റെ തീരുമാനം.
Content Highlights: National Medical Commission complaint against doctors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..