ന്യൂഡല്‍ഹി: ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖ കടന്നെത്തിയ പാക് വിമാനങ്ങള്‍ ഉദ്ദംപുരിലെ സൈനിക ആസ്ഥാനത്തിന് അടുത്തുവരെ എത്തിയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 27-ന് നിയന്ത്രണരേഖ മറികടന്നെത്തിയ പാക് വിമാനങ്ങളാണ് സൈനിക ആസ്ഥാനം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന ശക്തമായി തിരിച്ചടിച്ചതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ബാലകോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് പാക് വിമാനങ്ങള്‍ നൗഷേരയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറികടന്നെത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ പാക് വിമാനങ്ങള്‍ നിയന്ത്രണരേഖ മറികടക്കുകയും ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്‌തെങ്കിലും വ്യോമസേന ശക്തമായി തിരിച്ചടിച്ച് പാക്ക് നീക്കത്തെ ചെറുക്കുകയായിരുന്നു. 

ബുധനാഴ്ച പാകിസ്താന്റെ 24 ജെറ്റ് വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ജമ്മുകശ്മീരിലെ സൈനികകേന്ദ്രങ്ങളില്‍ ലേസര്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ശ്രമം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് വിമാനങ്ങളെ വിരട്ടിയോടിച്ചു. ഉദ്ദംപുരിലെ സൈനിക ആസ്ഥാനവും പ്രസിദ്ധമായ വൈഷ്ണവദേവി ക്ഷേത്രവും സ്ഥിതിചെയ്യുന്ന റെസായി ജില്ല ലക്ഷ്യമാക്കിയായിരുന്നു പാക്ക് വിമാനങ്ങളുടെ നീക്കം. ഇന്ത്യന്‍ വ്യോമസേന ഈ നീക്കത്തെ ചെറുത്തുതോല്പ്പിക്കുകയും പാക്ക് വിമാനങ്ങളെ അതിര്‍ത്തിയില്‍നിന്ന് തുരുത്തുകയുമായിരുന്നു. ഇതിനിടെ നിയന്ത്രണരേഖയോട് ചേര്‍ന്ന ചില മേഖലകളില്‍ പാക് വിമാനങ്ങള്‍  ബോംബ് വര്‍ഷിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 1971-നുശേഷം ആദ്യമായാണ് ഇത്തരമൊരു വ്യോമാക്രമണ ശ്രമമുണ്ടാകുന്നത്. നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന പാക് അവകാശവാദം തള്ളുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

അതിര്‍ത്തി കടന്നെത്തിയ പാക് വിമാനങ്ങളെ പിന്തുടര്‍ന്ന് തുരത്താനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമന്‍ വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായത്. അഭിനന്ദന്‍ നിയന്ത്രിച്ചിരുന്ന മിഗ് 21 വിമാനം പാക് അധീന കാശ്മീരില്‍ തകര്‍ന്നുവീഴുകയും അപകടത്തില്‍ രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടുയുമായിരുന്നു. 

Content Highlights: national media reports pak fighter jets were came close to army headquarters