ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 24 കാരിയായ ദേശീയ ഖോ ഖോ താരം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭത്തില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. ഷഹ്‌സാദ് ഹാദിം എന്നയാളാണ് അറസ്റ്റിലായത്. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന സുഹൃത്തിന്റെ ഫോണില്‍ റെക്കോര്‍ഡായ സംഭാഷണമാണ് നിര്‍ണായകമായത്. 

പ്രതിയുടെ പെട്ടെന്നുള്ള അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സഹായം തേടി അലറി വിളിക്കുന്നതും പിന്നീട് ശബ്ദം അവസാനിക്കുന്നതുമാണ് ഫോണില്‍ റെക്കോര്‍ഡായ സംഭാഷണം. ബിജ്‌നാപുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കു്ട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സെപ്റ്റംബര്‍ 10ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു പെണ്‍കുട്ടി. റെയില്‍വേസ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് പെണ്‍കുട്ടിയെ അക്രമിച്ചത്. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു.

പെണ്‍കുട്ടി ഒച്ചയുണ്ടാക്കിയപ്പോള്‍ അവരുടെ തന്നെ വസ്ത്രം വായില്‍ തിരുകിയാണ് പ്രതി നിശബ്ദയാക്കിയത്. പിന്നീട് പെണ്‍കുട്ടിയെ സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് ഫോണുമായി പ്രതി മുങ്ങി. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം ലഭിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഒരു പല്ല് ഇല്ലായിരുന്നുവെന്നും ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും കുടുംബം ആരോപിച്ചു.

Content Highlights: National Kho Kho player found dead raped, accused arrested