ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ രാജ്യതാല്പര്യം സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. പ്രത്യേക പ്രതിനിധിതലത്തിലുളള ചര്‍ച്ചയെ കുറിച്ചുളള ഇന്ത്യയുടെയും ചൈനയുടെയും പ്രസ്താവനകള്‍ പങ്കുവെച്ചാണ്‌ രാഹുലിന്റെ ആരോപണം. 

'ദേശീയ താല്പര്യം സര്‍വശ്രേഷ്ഠമാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോലി അത് സംരക്ഷിക്കുക എന്നുള്ളതാണ്. എങ്കില്‍, മുമ്പ് നിലവിലുണ്ടായിരുന്ന അവസ്ഥ സ്ഥാപിക്കാന്‍ നിര്‍ബന്ധം പിടിക്കാത്തത് എന്തുകൊണ്ട്? നമ്മുടെ പ്രദേശത്തുവെച്ച് നിരായുധരായ 20 ജവാന്‍മാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ചൈനയെ അനുവദിക്കുന്നത് എന്തുകൊണ്ട്? ഗാല്‍വന്‍ താഴ്‌വരയുടെ ഭൂമിശാസ്ത്രപരമായ പരാമധികാരത്തെ കുറിച്ച് പരാമര്‍ശിക്കാത്തത് എന്തുകൊണ്ട്?' ട്വീറ്റില്‍ രാഹുല്‍ ചോദിക്കുന്നു

പ്രത്യേക പ്രതിനിധി തലത്തിലുള്ള ചര്‍ച്ചയക്ക് ശേഷം ബെയ്ജിങ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഗാല്‍വന്‍ താഴ്‌വരയില്‍ സംഭവിച്ചതിന്റെ തെറ്റും ശരിയും വളരെ വ്യക്തമാണെന്ന് ചൈന അവകാശപ്പെടുന്നുണ്ട്. പ്രാദേശിക പരമാധികാരവും സാമാധാനവും അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തതയും സംരക്ഷിക്കുന്നത് ചൈന തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

എന്നാല്‍ ബെയ്ജിങ്ങിന്റെ അഭിപ്രായത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. അഭിപ്രായവ്യത്യാസം തര്‍ക്കമായി വളരാന്‍ രണ്ടു പക്ഷവും അനുവദിക്കില്ലെന്നും തുടര്‍ന്നു പോന്നിരുന്ന സ്ഥിതി മാറ്റുന്നതിന് ഏതെങ്കിലും ഒരു രാജ്യം ഏകപക്ഷീയമായ നടപടിയെടുക്കില്ലെന്നുമാണ് ഇന്ത്യന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ഡോവലും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ ഞായറാഴ്ച ടെലിഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അതിര്‍ത്തിയില്‍നിന്ന് ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിന് ഇരുവിഭാഗവും തീരുമാനിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താന്‍ സേനാവിന്യാസം കുറയ്ക്കണമെന്ന് സമ്മതിച്ചു. എല്‍.എ.സി. പാലിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന നിലപാട് ഇരുപക്ഷവും ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ സമാധാനത്തിനും സ്വസ്ഥതയ്ക്കും തടസ്സമുണ്ടാക്കുന്ന മട്ടില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കും.

Content Highlights:National interest is paramount;Rahul Gandhi asks 3 questions to Centre