അമിത് ഷാ| Photo: PTI
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുകഴ്ത്തി ദേശീയ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ അരുണ്‍ മിശ്ര. ജമ്മു കശ്മീരില്‍ പുതുയുഗം പിറക്കാന്‍ കാരണക്കാരന്‍ ഷാ ആണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി കൂടിയായ അരുണ്‍ മിശ്ര പറഞ്ഞു. ഡല്‍ഹിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെന്നും സാന്നിധ്യത്തിലായിരുന്നു മിശ്രയുടെ പരാമർശം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരാമര്‍ശിക്കുന്നതായിരുന്നു ഷായ്ക്കുള്ള മിശ്രയുടെ പ്രശംസ. 2019-ലാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്. അന്താരാഷ്ട്ര ശക്തികളുടെ താല്പര്യ പ്രകാരം ഇന്ത്യയ്ക്കെതിരെ മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
ഈവര്‍ഷം ജൂണിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനായി അരുണ്‍ മിശ്ര നിയമിതനാകുന്നത്. കമ്മിഷന് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന് കമ്മിറ്റിയില്‍ മിശ്രയ്ക്കെതിരെ കോണ്‍ഗ്രസ് എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതാദ്യമായായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷസ്ഥാനത്തേക്ക് വിരമിച്ച ചീഫ് ജസ്റ്റിസ് അല്ലാത്തൊരാള്‍ നിയമിതനാകുന്നത്.
content highlights: national human rights commission chief arun mishra praises amit shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..