ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് നികുതി റിട്ടേണ്‍ പുന:പരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 2011-12 വര്‍ഷത്തെ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ ഉണ്ടായ വരുമാനം ഇരുവരും ബോധിപ്പിച്ചിട്ടില്ലെന്നാണ് ആരോപണം.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ അതിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോര്‍ണല്‍സ് ലിമിറ്റഡില്‍നിന്ന് ഇരുവരുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന്‌ പിന്നില്‍ വന്‍ സാമ്പത്തികക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് ആ സമയത്തെ നികുതിയിടപാടുകള്‍ അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.

പത്രം ഏറ്റടുത്ത 2011-12 സാമ്പത്തികവര്‍ഷത്തെ വരുമാനം സംബന്ധിച്ച് സോണിയയും രാഹുലും കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്നാരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തങ്ങള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുന:പരിശോധിക്കുന്നതിനുള്ള നീക്കം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലാണ് രാഹുലും സോണിയയും ഓസ്‌കര്‍ ഫെര്‍ണാണ്ടസും ഹര്‍ജി നല്‍കിയത്.

യങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും രാഹുലിന്റെയും സോണിയയുടെയും പേരിലാണ്. നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ പദവി വഹിച്ചിരുന്നെന്ന കാര്യം രാഹുല്‍ മറച്ചുവച്ചെന്നാണ് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. 2010 മുതല്‍ രാഹുല്‍ ഡയറക്ടറായിരുന്നു. ഇതും കമ്പനിയിലെ ഓഹരികളുടെ കാര്യവും പരിഗണിക്കുമ്പോള്‍ 2011-12 വര്‍ഷം രാഹുലിന്റെ വരുമാനം 249.15 കോടി രൂപയാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. എന്നാല്‍, യങ്‌ ഇന്ത്യ എന്നത് ചാരിറ്റി സ്ഥാപനമാണെന്നും ആദായനികുതി വകുപ്പ് ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ന്യായീകരണം.

content highlights: National Herald case, Delhi High Court, dismissed the pleas of Sonia Gandhi and Rahul,