നാസിക് (മഹാരാഷ്ട്ര): കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുന്നതിനിടെ വിചിത്രമായ അവകാശവാദവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശി. വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവച്ചശേഷം തന്റെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്നാണ് അരവിന്ദ് സോണര്‍ എന്ന മധ്യവയസ്‌കന്‍ പറയുന്നത്.

വാക്‌സിന്‍ എടുത്തശേഷം ലോഹവസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അത് സത്യമാണെന്ന് തെളിയിക്കാന്‍ അദ്ദേഹം ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. പാത്രങ്ങള്‍, സ്പൂണുകള്‍, നാണയങ്ങള്‍ എന്നിവ അരവിന്ദ് സോണറുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

നാണയങ്ങള്‍ അടക്കമുള്ളവ വിയര്‍പ്പ് കാരണം ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതാവാം എന്നാണ് ബന്ധുക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ കുളിച്ച് വൃത്തിയായശേഷവും അദ്ദേഹത്തിന്റെ ശരീരത്തില്‍ ലോഹവസ്തുക്കള്‍ ഒട്ടിപ്പിടിക്കാന്‍ തുടങ്ങിയതോടെ ബന്ധുക്കളും അത് വിശ്വസിച്ചു.

വിവരമറിഞ്ഞ് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ സോണറെ സന്ദര്‍ശിച്ചിരുന്നു. ലോഹവസ്തുക്കള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വാക്‌സിനേഷന്‍ കാരണമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

വിശദമായ അന്വേഷണത്തിലൂടെ മാത്രമെ കാന്തശക്തിയുടെ കാരണം കണ്ടെത്താന്‍ കഴിയൂ എന്ന് ഡോ. അശോക് തോറാട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സോണറുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. കൂടുതല്‍ പരിശോധനകള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കണോ എന്നകാര്യം പിന്നീട് തീരുമാനിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതിനിടെ മറ്റൊരു വിചിത്ര വാദവുമായി സോണറുടെ മകനും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരുടെ ശരീരത്തിന് കാന്തശക്തി ലഭിച്ചുവെന്ന് അവകാശപ്പെടുന്ന ഡല്‍ഹി സ്വദേശികളുടെ വീഡിയോ താന്‍ കണ്ടിരുന്നുവെന്നാണ് സോണറുടെ മകന്‍ ജയന്ത് പറയുന്നത്.

വീഡിയോ കണ്ടശേഷം അക്കാര്യം സത്യമാണോ എന്ന് പരീക്ഷിച്ചു നോക്കാന്‍ പിതാവിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് പാത്രങ്ങളും സ്പൂണും പിതാവിന്റെ ശരീരത്തില്‍ വച്ചുനോക്കിയപ്പോള്‍ അവ ഒട്ടിപ്പിടിച്ചുവെന്നാണ് സോണറുടെ മകന്‍ പറയുന്നത്.

കടപ്പാട് - Times Now

Content Highlights; Nasik man claims he git magnetic powers after taking COVID vaccine