ന്യൂഡല്‍ഹി: മൂക്കില്‍ കൂടി നല്‍കാവുന്ന കോവിഡ് വാക്‌സിനായിരിക്കും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് എളുപ്പമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനിടയിലാണ് രണ്‍ദീപ് തന്റെ അഭിപ്രായം പങ്കുവെച്ചത്. 

കോവിഡ് ബാധിച്ചവര്‍ക്ക് രോഗമുക്തരായി നാല്-ആറ് ആഴ്ചകള്‍ പിന്നിട്ടതിന് ശേഷം കോവിഡ് വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികളിലുണ്ടാകുന്ന വൈറസ് ബാധ നേരിയതോതിലാണ്, പക്ഷേ അവര്‍ വൈറസ് ബാധിതരാണ്. അവര്‍ക്ക് വൈറസ് വ്യാപിപ്പിക്കാന്‍ സാധിക്കും. നിലവില്‍ അനുമതി ലഭിച്ചിട്ടുളള വാക്‌സിനുകള്‍ കുട്ടികളില്‍ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല. കാരണം അവ കുട്ടികളില്‍ പരീക്ഷണം നടത്താത്തവയാണ്. എന്നാല്‍ വാക്‌സിനേഷന്‍ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെയ്പ്പാണ്. അതിനാല്‍ ട്രയലുകള്‍ നടത്തണം. രണ്‍ദീപ് പറഞ്ഞു. 

കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത് ആരംഭിച്ചാല്‍ ചിലപ്പോൾ അവര്‍ക്ക് കോവിഡ് ബാധയുണ്ടാകാം. അവര്‍ക്ക് അത് വലിയ പ്രശ്‌നമുണ്ടാക്കിയേക്കില്ല. എന്നാല്‍ അവര്‍ അത് വീട്ടിലേക്ക് കൊണ്ടുവന്നാല്‍ രക്ഷിതാക്കള്‍ക്കും മുത്തശ്ശി മുത്തശ്ശന്മാര്‍ക്കും അവരിലൂടെ അസുഖബാധ  ഉണ്ടാകാന്‍ സാധ്യത ഉണ്ട്. കുട്ടികള്‍ക്കുളള വാക്‌സിന് പിന്നീട് എത്തുമായിരിക്കും. ഭാരത് ബയോടെക്ക് ഒരു നേസല്‍ വാക്‌സിന് അംഗീകാരം നേടുന്നതിനുളള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് വളരെ എളുപ്പമാണ്. അരമണിക്കൂറിനുളളില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. 

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡാനന്തര പ്രതിരോധ ശക്തിയെ കുറിച്ച് രോഗബാധിതനായ വ്യക്തിക്ക് കൃത്യമായി അറിയണമെന്നില്ല. വൈറസ് ബാധ നേരിയ തോതിലാണ് ഉണ്ടായതെങ്കില്‍ അവരുടെ പ്രതിരോധശേഷിയും കുറവായിരിക്കും. അതുകൊണ്ട് അവര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണെങ്കില്‍ അത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും രണ്‍ദീപ് പറയുന്നു. 

കോവിഡ് മഹാമാരിയെ രാജ്യം കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം അഭിനന്ദിച്ചു. 

 

Content Highlights: Nasal COVID-19 vaccine will be easy to give to children: AIIMS director