ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനഃസ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും രംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാന്‍ഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍ നിന്ന് വിക്രം ലാന്‍ഡറിലേക്ക് സന്ദേശങ്ങള്‍ അയച്ച് ഐഎസ്ആര്‍ഒയുടെ ശ്രമത്തില്‍ നാസയും പങ്കു ചേര്‍ന്നിരിക്കുകയാണ്. 

ലാന്‍ഡറുമായുള്ള സമ്പര്‍ക്കത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി റേഡിയോ സിഗ്നലുകള്‍ അയച്ചു കൊണ്ടിരിക്കുകയാണെന്ന് നാസ വക്താവ് അറിയിച്ചു. നാസയുടെ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ലാന്‍ഡറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഐഎസ്ആര്‍ഒയുമായി ധാരണയിലെത്തിയതായി നാസ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഡിഎസ്എന്‍ സ്‌റ്റേഷനില്‍ നിന്ന് ലാന്‍ഡറിലേക്ക് റേഡിയോ സിഗ്നല്‍ അയച്ചതായി ബഹിരാകാശശാസ്ത്രജ്ഞനായ സ്‌കോട്ട് ടില്ലി സ്ഥിരീകരിച്ചു. 

12 കിലോവാട്‌സ് ആവൃത്തിയുള്ള ഡിഎസ് എന്‍ 24 റേഡിയോ സിഗ്നലുകള്‍ വിക്രം ലാന്‍ഡറെ പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് നിഗമനം. ചന്ദ്രോപരിതലത്തിലേക്കാണ് ഈ സിഗ്നലുകള്‍ അയക്കുന്നത്. വിക്രം ലാന്‍ഡറിനെ കണ്ടെത്തിയ മേഖലയിലേക്കാണ് അതിശക്തമായ സിഗ്നലുകള്‍ തുടരെ അയച്ചു കൊണ്ടിരിക്കുന്നത്. റേഡിയോ റിഫളക്ടറായി പ്രവര്‍ത്തിച്ച് ചന്ദ്രന്‍ അവിടെയെത്തുന്ന സിഗ്നലുകളുടെ ഒരു ചെറിയ ഭാഗം തിരികെ അയയ്ക്കും. ഈ സിഗ്നലുകള്‍ സ്ഥിതിഗതി മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സഹായമാവും. 

NASA
NASA Jet Propulsion Laboratory. Image Credit: jpl.nasa.gov

എന്നാല്‍ 14 ഭൗമദിനങ്ങള്‍ക്കുള്ളിൽ വിക്രം ലാന്‍ഡര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം ഭാഗികമായി പരാജയമായിത്തീരും. അതിനാല്‍ ഏറെ നിര്‍ണായകമാണ് ഈ ദിവസങ്ങള്‍. 14ദിവസങ്ങള്‍ വിക്രം ലാന്‍ഡറുമായി ആശയസമ്പര്‍ക്കത്തിനായി നിരന്തരം ശ്രമിക്കാന്‍ തന്നെയാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. അതിനിടയില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനും തിരികെ സന്ദേശങ്ങള്‍ അയക്കാനും സാധ്യമായില്ലെങ്കില്‍ വിക്രം ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജോത്പാദനവും സംഭരണവും അന്യമാവും. അതിനിടയില്‍ ലാന്‍ഡര്‍ പ്രതികരിക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

2024 ല്‍ മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചാന്ദ്ര പദ്ധതിയ്ക്ക് സഹായകമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം. വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള നാസയുടെ പാസീവ് പ്ലേലോഡ് ലേസര്‍ റിഫ്‌ളക്ടറുകള്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള കൃത്യമായ അകലം കണ്ടെത്താന്‍ സഹായകമായിരുന്നു. എന്നാല്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതോടെ ഈ സാധ്യതയ്ക്ക് മങ്ങലേറ്റു. ഓര്‍ബിറ്ററില്‍ നിന്ന് ലഭ്യയമാകുമായിരുന്ന വിവരങ്ങള്‍ നാസയുടെ ചാന്ദ്രദൗത്യത്തിന് സഹായകമായിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങളും ത്രിമാനചിത്രങ്ങളും പകര്‍ത്തി അയയ്ക്കുമെന്ന് നാസ പ്രതീക്ഷിച്ചിരുന്നു. 

ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ മുന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നി മാറിയത്. തുടര്‍ന്ന് ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലും നഷ്ടമായി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണചരിത്രത്തിലെ അഭിമാന അധ്യായമായി മാറുമായിരുന്ന ചന്ദ്രയാന്‍ 2 ന് ദൗത്യം പൂര്‍ത്തീകരിക്കാനായില്ല. 

 

Content Highlights: Nasa’s deep-space antennas sending  messages to Vikram Lander