ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റര്‍ പ്ലാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കും. 2024-25 ഓടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും കണക്ടിവിറ്റി ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യുന്നതിലൂടെ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലേക്കുള്ള ചുവടുവെപ്പാണ് മോദി നടത്തുന്നത്.

രണ്ടു ലക്ഷം കിലോമീറ്റര്‍ ദേശീയ പാതകളുടെ ശൃംഖല, 16 ദശലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ട്രെയിനുകള്‍, ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖല ഇരട്ടിപ്പിച്ച് 35000 കിലോമീറ്റര്‍ ആക്കുക, 220 വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയറോഡ്രോമുകള്‍,  11 വ്യാവസായിക ഇടനാഴികള്‍ ഉള്‍പ്പെടെ വ്യവസായങ്ങള്‍ക്കായി 25000 ഏക്കര്‍ പ്രദേശം, പ്രതിരോധ മേഖലയില്‍ ഉത്പാദനത്തിലൂടെ 1.7 ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുക, 38 ഇലക്ട്രോണിക്‌സ് നിര്‍മാണ ക്ലസ്റ്ററുകള്‍, 109 ഫാര്‍മ ക്ലസ്റ്ററുകള്‍ തുടങ്ങിയവയാണ് 2024-25 ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗതിശക്തി.

നിര്‍ദ്ദിഷ്ട ദേശീയ മാസ്റ്റര്‍ പ്ലാനില്‍, നിലവിലുള്ളതും പരിഗണനയിലുള്ളതുമായ എല്ലാ സാമ്പത്തിക മേഖലകളും കര-വ്യോമ-കടല്‍ മാര്‍ഗമുള്ള ചരക്ക്‌ നീക്കങ്ങളെ ബന്ധിപ്പിക്കുന്ന  അടിസ്ഥാനസൗകര്യങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ മാപ്പ് ചെയ്തിട്ടുണ്ട്. 2014-15 ലെ സ്ഥിതി, 2020-21 വരെ കൈവരിച്ച നേട്ടങ്ങള്‍, 2024-25 വരെ ആളുകളുടേയും ചരക്കിന്റെയും നീക്കങ്ങള്‍ക്കായുള്ള ആസൂത്രണവും ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യമെമ്പാടുമുള്ള വിവിധ സാമ്പത്തിക മേഖലകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവയുടെ പൂര്‍ത്തീകരണത്തിനായുള്ള സമയക്രമം അടിസ്ഥാനമാക്കിയുള്ള സമഗ്ര മാപ്പും തയ്യാറായിട്ടുണ്ടെന്ന് ഗതിശക്തി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

തയ്യാറായ ദേശീയ മാസ്റ്റര്‍ പ്ലാനില്‍ 16 കേന്ദ്ര വകുപ്പുകള്‍ ഭാഗമായിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനില്‍ ഏതെങ്കിലും മാറ്റങ്ങള്‍ അംഗീകരിക്കുന്നതിനായി സര്‍ക്കാര്‍ ഈ വകുപ്പുകളുടെയെല്ലാം ഒരു സമിതി (EGoS) ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിക്കും.

നിര്‍ദേശങ്ങള്‍ ഏകീകരിക്കുന്നതിനും ആസൂത്രണത്തിനും സംയോജനത്തിനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംയോജിത മള്‍ട്ടിമോഡല്‍ നെറ്റ്വര്‍ക്ക് ആസൂത്രണ ഗ്രൂപ്പ് (എന്‍പിജി) മേല്‍നോട്ടം വഹിക്കും. മാസ്റ്റര്‍ പ്ലാനിന് പുറത്തുള്ള 500 കോടിയുടെ അടിസ്ഥാന സൗകര്യ ശൃംഖലകളുടെ പദ്ധതികളുടെ പരിശോധനയും എന്‍പിജി നിര്‍വഹിക്കും.

ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മന്ത്രാലയങ്ങള്‍

എല്ലാ അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങളും മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കും. രണ്ടു ലക്ഷം കിലോമീറ്റര്‍ ദേശീപാത, 5,590 കിലോമീറ്റര്‍ നാല് അല്ലെങ്കില്‍ ആറ് വരി പാതകളുള്ള തീരദേശ ഹൈവേ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളേയും നാലുവരിയുള്ള ദേശീയ പാതകളുമായോ ടു ടു ലൈന്‍ ദേശീയ പാതകളുമായോ ബന്ധിപ്പിക്കും. തുടങ്ങിയവയാണ് റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.

റെയില്‍വേയെ സംബന്ധിച്ച് 2024-25 ഓടെ 1600 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്യുക എന്നതാണ് ലക്ഷ്യം. 2020-ല്‍ 1210 ദശലക്ഷം ടണ്‍ ചരക്കാണ് റെയില്‍വേ കൈകാര്യം ചെയ്തത്. അധിക പാതകള്‍ പൂര്‍ത്തിയാക്കി രണ്ട് ചരക്ക് ഇടനാഴികള്‍ (DFC) നടപ്പിലാക്കിക്കൊണ്ട് റെയില്‍വേ ശൃംഖലയുടെ 51% ഞെരുക്കം ഒഴിവാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

കൂടാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന 4,000 കി.മീ കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക്, കിഴക്കന്‍ തീരത്തെ ഇടനാഴികള്‍ക്കായി വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതുണ്ട്.

മൊത്തം വിമാനത്താവളങ്ങള്‍ 220 ആക്കി നിലവിലുള്ള സൗകര്യങ്ങള്‍ ഇരട്ടിയാക്കുക എന്നതാണ് വ്യോമയാന മന്ത്രാലയത്തിന് മുന്നിലുള്ള ലക്ഷ്യം. ഹെലിപാഡുകളും ജല എയറോഡ്രോമുകളും ഇതില്‍ ഉള്‍പ്പെടും. 2025 ആകുമ്പോഴേക്കും അധികമായി ഇത്തരത്തിലുള്ള 109 സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്.

പ്രതിവര്‍ഷം 1282 ദശലക്ഷം മെട്രിക് ടണ്‍ ചരക്ക് നീക്ക പ്രാപ്തിയാണ് 2020ലുള്ളത്. ഇത് 1759 ദശലക്ഷം മെട്രിക് ടണ്‍ ചരക്ക് നീക്കമാണ് ഷിപ്പിങ് മന്ത്രാലയം ലക്ഷ്യംവെക്കുന്നതെന്നാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. എല്ലാ ദേശീയ ജലപാതകളിലെയും ചരക്ക് നീക്കം 74 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 95 ദശലക്ഷം മെട്രിക് ടണ്ണായും ഗംഗാനദിയിലെ ചരക്ക് നീക്കം ഒമ്പത് ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 29 ദശലക്ഷം മെട്രിക് ടണ്ണായും ഉയര്‍ത്തും. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോള്‍ വഴി വാരാണസിക്കും സദിയയ്ക്കും ഇടയില്‍, ബദര്‍പൂര്‍, കരിംഗഞ്ച് എന്നിവിടങ്ങളിലെ കപ്പലുകളുടെ വര്‍ഷാവസാന നീക്കം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഗ്യാസ് പൈപ്പ് ലൈന്‍ ശൃംഖല ഇരട്ടിയാക്കി 34500 കിലോമീറ്ററിലെത്തിക്കും. ഇതിന്റെ ഭാഗമായി വ്യാവസായ ആവശ്യങ്ങളേയും വിതരണ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 17,000 കിലോമീറ്റര്‍ നീളമുള്ള ട്രങ്ക് പൈപ്പ്‌ലൈന്‍ അധികമായി നിര്‍മ്മിക്കും. 2027 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന ട്രങ്ക് പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ശൃംഖലയാണ് ലക്ഷ്യത്തിലുള്ളത്.

2024-25 ഓടെ മൊത്തം വിതരണ ശൃംഖല 4.52 ലക്ഷം സര്‍ക്യൂട്ട് കിലോമീറ്ററാണ്‌ ലക്ഷ്യമിടുന്നത്. പുനരുപയോഗിക്കുന്ന ഊര്‍ജ ശേഷി 87.7 ജിഗാവാട്ടില്‍ നിന്ന് 225 ജിഗാവാട്ടായി ഉയര്‍ത്തും. രാജ്യത്തെ മൊത്തം ഊര്‍ജ ഉപയോഗത്തിന്റെ 35 ശതമാനം ഇതിലൂടെ നിര്‍മിക്കാമെന്നാണ് ലക്ഷ്യം.

2024 ഓടെ 35 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കാനാണ് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്.