ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ നടപടിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ ഈ ശ്രമത്തെ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്നുകാട്ടണമെന്ന് അദ്ദേഹം ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു.

ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പെഗാസസ് ഫോണ്‍ ചോർത്തല്‍, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പാർലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടരുന്ന പ്രതിപക്ഷ പ്രതിഷേധം കാരണം നിരന്തരമായി സഭ മുടങ്ങുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

രാജ്യത്തെ കോവിഡ്-19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതും മറ്റുള്ളവരെ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെയും ചില പ്രതിപക്ഷ പാര്‍ട്ടികളുടെയും ഈ പ്രവണതയെ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്നുകാട്ടണമെന്ന് പാര്‍ട്ടി എം.പിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ലോക്സഭാ സമ്മേളനം ആരംഭിച്ച ജൂലൈ 19ന് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

Content Highlights: Narendra Modi lashes out at the Congress for disrupting parliament sessions