ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വേച്ഛാധിപതിയാണെന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനാധിപത്യ നേതാവാണ് നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറഞ്ഞു. വേറിട്ട രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

മോദിജിയെപ്പോലെ ഒരു കേള്‍വിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്ത് വിഷയത്തിലുള്ള യോഗങ്ങളുമായിക്കൊള്ളട്ടെ, മോദിജി കുറച്ച് മാത്രം സംസാരിക്കുകയും മറ്റുള്ളവരെ ക്ഷമയോട കേട്ടിരിക്കുകയും ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായത്തിന് അദ്ദേഹം വില കൊടുക്കുന്നു. അത് ആളുടെ പ്രാധാന്യം നോക്കിയല്ല. അതിനാല്‍ തന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മോദിജി മന്ത്രിസഭ കൊണ്ടുപോകുന്നത്. അവിടെ ചര്‍ച്ച ചെയ്യുന്നതൊന്നും പൊതുജനങ്ങള്‍ക്ക് ചോര്‍ന്നുകിട്ടില്ല. അതിനാല്‍തന്നെ എല്ലാ തീരുമാനവും അദ്ദേഹമാണ് എടുക്കുന്നതെന്നത് തെറ്റായ അനുമാനമാണ്. അദ്ദേഹം എല്ലാവരുമായും ചര്‍ച്ച ചെയ്യുകയും എല്ലാവരേയും കേള്‍ക്കുകയും ചെയ്യും. ഗുണവും ദോഷവും വിലയിരുത്തും. അന്തിമ തീരുമാനം അദ്ദേഹമാണ് എടുക്കുന്നത്. എന്തെന്നാല്‍ അദ്ദേഹം പ്രധാനമന്ത്രിയാണ്' - ഷാ പറഞ്ഞു. 

പ്രധാനമന്ത്രിയായി 2024-ല്‍ നരേന്ദ്രമോദിതന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ അവകാശപ്പെട്ടിരുന്നു. തുടര്‍ച്ചയായി 20 വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട വേറെ ലോകനേതാക്കള്‍ ജനാധിപത്യരാജ്യങ്ങളിലില്ല. 2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതാണ് അദ്ദേഹം. ഇപ്പോള്‍ പ്രധാനമന്ത്രിയാണ്. 2024-ലും വീണ്ടും തിരഞ്ഞെടുക്കപ്പെടുമന്ന് ഗാന്ധിനഗറിലെ പനസറില്‍ പൊതുയോഗത്തില്‍ അമിത് ഷാ പറഞ്ഞു.

ജനങ്ങളുടെ കാര്യം സദാ ശ്രദ്ധിക്കുന്നതിനാലാണ് മോദിക്ക് തുടരാനാവുന്നതെന്നും ഷാ പറഞ്ഞു. ''പൂര്‍ത്തീകരിക്കാത്ത കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തും. രാജ്യത്തോടും ജനങ്ങളോടും പാവപ്പെട്ടവരോടുമുള്ള ഈ കരുതല്‍ മറ്റു നേതാക്കളില്‍ അപൂര്‍വമാണ്. അദ്ദേഹത്തിന്റെ ഏഴുവര്‍ഷത്തെ നേട്ടങ്ങള്‍ കോണ്‍ഗ്രസിന്റെ മൊത്തം ഭരണകാലത്തെ മറികടക്കത്തക്കതാണ്'' ഷാ പറഞ്ഞു.

Content Highlights: Narendra Modi is the most democratic leader I know, says Amit Shah