ഭോപ്പാല്‍: ദൈവം ഇന്ത്യയ്ക്ക് നല്‍കിയ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. നാശോന്മുഖമായ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിക്ക് ഒരു ശക്തമായ എതിര്‍പക്ഷമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'മോദിയെപ്പോലെ ഇന്ത്യയുടെ പുരോഗതിയില്‍ ഇത്രയധികം ശ്രദ്ധാലുവായ മറ്റൊരാളെ കണ്ടിട്ടില്ല. പൊതുജനങ്ങളുടെ പുരോഗതിയും ക്ഷേമവുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.' - ചൗഹാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് രാജാക്കന്മാരുടെയും വ്യവസായികളുടെയും പാര്‍ട്ടിയാണെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെയും കമല്‍നാഥിനെയും പരോക്ഷമായി ലക്ഷ്യംവച്ച് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാവില്ല. ജനങ്ങളെ പ്രജകളായി കാണുന്ന രാജാക്കന്മാര്‍ മാത്രമാണ് അവര്‍. മധ്യപ്രദേശിലെ ജനങ്ങള്‍ തന്നെ സഹോദരനായോ അമ്മാവനായോ ആണ് കണക്കാക്കുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച റോഡ് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് എന്‍ഡിടിവി പ്രതിനിധികളോട് ശിവരാജ് സിങ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലേക്ക് എത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം തിരഞ്ഞെടുപ്പ് കഴിയുംവരെ തമാശ പറഞ്ഞുകൊണ്ട് അവിടെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ചൗഹാന്‍ പറഞ്ഞു. 

content highlights: Narendra Modi Is God's Gift To India Says Shivraj Singh Chauhan, PM Modi, Shivraj Singh Chauhan