ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാതെ മനുഷ്യ വംശത്തിന് സുരക്ഷിതത്വമുണ്ടാകില്ലെന്നും ലഖ്‌നൗവില്‍ ദസറ ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

തീവ്രവാദം മാനുഷികതയുടെ ശത്രുവാണെന്നും അതിനെ നേരിടാന്‍ ആഗോള സഹകരണം ആവശ്യമാണെന്നും മോദി പറഞ്ഞു. നാം ഒരുമിച്ച് നിന്നാല്‍ തീവ്രവാദത്തിന് ജയിക്കാനാവില്ല. സിറിയയില്‍ തീവ്രവാദികള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നമുക്കറിയാം. തീവ്രവാദത്തെ ചെറുക്കാതെ മനുഷ്യവംശത്തെ സംരക്ഷിക്കുക സാധ്യമല്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ വെറുതെവിടില്ലെന്നും മോദി പറഞ്ഞു.

പെണ്‍ ഭ്രൂണഹത്യയെ ചെറുക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് യാതൊരുവിധ വിവേചനവും രാജ്യത്ത് ഉണ്ടാവാന്‍ പാടില്ല. അവര്‍ക്ക് എല്ലാവിധത്തിലുള്ള അവസരങ്ങളും ലഭ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം ആദ്യമായി പൊതു വേദിയില്‍ മോദി നടത്തിയ പ്രസംഗമായിരുന്നു ലഖ്‌നൗവിലേത്.