കാന്‍ഗ്ര: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ ചിതലിനെപ്പോലെ തുരത്തണമെന്ന് കാംഗ്ര ജില്ലയിലെ ചാംബിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മോദി ആരോപിച്ചു.

മൂന്ന് നാല് തലമുറകളായി കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. തടി ചിതലരിക്കുന്നതുപോലെ ജനാധിപത്യത്തെ കോണ്‍ഗ്രസ് കാര്‍ന്നുതിന്നും. അതിനാല്‍ ചിതലിനെ തുരത്തുന്നതുപോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുരത്തണമെന്ന് മോദി പറഞ്ഞു. 

ബി.ജെ.പിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കാനല്ല മൂന്നില്‍ രണ്ട് ഭൂരിപക്ഷം നല്‍കണമെന്ന് ആവശ്യപ്പെടാനാണ് താന്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ നവംബര്‍ എട്ട് കരിദിനമായി ആചരിക്കാനും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുവാനുമാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍, സര്‍ദാര്‍ പട്ടേലിന്റെ ശിഷ്യനായ തന്നെ തകര്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് അറിയില്ല.

കോണ്‍ഗ്രസിന് സ്വന്തം നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ മറ്റുപാര്‍ട്ടികളിലെ വിമതര്‍ക്ക് പിന്നാലെയാണ് അവര്‍. അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ്. ജനവികാരം കോണ്‍ഗ്രസിനെതിരാണ്. 

വാജ്‌പേയി സര്‍ക്കാര്‍ കേന്ദ്രത്തിലും ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തും ഉണ്ടായിരുന്ന കാലത്ത് ഹിമാചല്‍പ്രദേശില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുകയാണ്. ജവാന്മാരും വിരമിച്ച സൈനികരും ധാരാളമുള്ള സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരുടെ നാടെന്ന നിലയില്‍ ഹിമാചല്‍പ്രദേശിനെപ്പറ്റി അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പ്രചാരണത്തിനായി ഹിമാചലില്‍ എത്തുന്നുണ്ട്. നവംബര്‍ ആറിന് സംസ്ഥാനത്തെത്തുന്ന രാഹുല്‍ മൂന്ന് റാലികളില്‍ പങ്കെടുക്കും.