അഹമ്മദാബാദ്: നോട്ടു നിരോധനത്തെയും ജി.എസ്.ടിയെയും ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ പാതിയിലാണെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ അടിത്തറ ശക്തമാണെന്നും കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പരാമര്‍ശം.
നോട്ടു നിരോധനം കള്ളപ്പണത്തെ തുടച്ചുനീക്കുകയും സാമ്പത്തിക രംഗത്ത് പുതിയ ശുദ്ധീകരണത്തിന് തുടക്കമിടുകയും ചെയ്തു. ജനങ്ങളെ പുതിയ അക്കൗണ്ടിങ് സംസ്കാരത്തിലേക്ക് നയിക്കാന്‍ സര്‍ക്കാരിനായി. ഇത് പുതിയ രാജ്യത്ത് പുതിയ ഒരു വ്യവസായ സംസ്കാരം കൊണ്ടുവരാന്‍ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെതിരെ മോദി രൂക്ഷ വിമര്‍ശം ഉന്നയിച്ചു. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തു ഗുജറാത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തടസപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു. ശത്രുതാ മനോഭാവത്തോടെയാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഗുജറാത്തിന്റെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വലിയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള റോ- റോ ഫെറി സര്‍വീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
615 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പദ്ധതി ദക്ഷിണേഷ്യയിലെത്തന്നെ ഏറ്റവും വലിയ കടത്തു സര്‍വീസാണ്. ഗോഗയില്‍നിന്നു ദഹേജിലേക്കുള്ള റോഡ് ദൂരം 360 കിലോമീറ്ററാണ്. യാത്രയ്ക്കു ഏഴു മുതല്‍ എട്ടുവരെ മണിക്കൂര്‍ വേണം. റോ റോ യാഥാര്‍ഥ്യമാകുന്നതോടെ കടലിലൂടെ ദൂരം 30 കിലോമീറ്ററായി കുറയും. യാത്രാസമയം ഒരു മണിക്കൂറാകുകയും ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..