ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യത്തെ അഴിമതി കുറച്ചു കൊണ്ടുവരാന്‍ സാധിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നത്. നോട്ട് നിരോധനം പോലും അഴിമതി ഇല്ലാതാക്കുന്നതിനായി നടപ്പില്‍ വരുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. ഇപ്പോഴിതാ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ഇല്ലാതാക്കാനുള്ള നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോര്‍ഡ് പരിശോധിച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വിവരം നല്‍കാന്‍ എല്ലാ വകുപ്പുകള്‍ക്കും പാരാമിലിട്ടറി സേനകള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ആഗസ്ത് 5 നകം പട്ടിക സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അതാത് വകുപ്പ് മേധാവികളാവും പട്ടിക ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുക. 

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി, അന്വേഷണ റിപ്പോര്‍ട്ട്, ധാർമികത, ജോലിയിലുളള ഉത്തരവാദിത്തം,സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്ന ഉദ്യോഗസ്ഥരുടെ നടപടി തുടങ്ങിയ പരിഗണിച്ചാവും വകുപ്പ് തലത്തില്‍ പട്ടിക തയ്യാറാക്കുക. വിവിധ വകുപ്പുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കുന്ന പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും കൈമാറും. പട്ടിക പരിശോധിച്ച് ആഗസ്ത് 15ന് ശേഷം ഇവര്‍ക്കെതിരെ നടപടിയും സ്വീകരിക്കും.