അറസ്റ്റിലായ പ്രതികൾ, പിടികൂടിയ എൽഎസ്ഡി. photo: PTI
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) നേതൃത്വത്തില്‍ 15,000 ബ്ലോട്ട് എല്‍.എസ്.ഡി പിടിച്ചെടുത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് ഏകദേശം 10.50 കോടിയോളം രൂപ വിലമതിക്കും. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി. രാജ്യത്തുടനീളം പടര്‍ന്ന മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണിവരെന്ന് എന്‍.സിബി പറഞ്ഞു.
വിവിധ നഗരങ്ങളില്‍നിന്നാണ് ആറു പ്രതികളേയും എന്‍സിബി അറസ്റ്റ് ചെയ്തത്. സംഘത്തിലെ മുഖ്യ സൂത്രധാരന്‍ ജയ്പൂരില്‍നിന്നാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ പുരുഷന്‍മാരും ഒരാള്‍ സ്ത്രീയുമാണ്. ഇവരില്‍ ചിലര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം. സംശയകരമായ ചില സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് സംഘത്തെ എന്‍സിബി വലയിലാക്കിയത്. രണ്ടരക്കിലോ കഞ്ചാവും അഞ്ചുലക്ഷം രൂപയും ഇവരില്‍ നിന്ന് എന്‍.സിബി പിടികൂടിയിട്ടുണ്ട്.
പോളണ്ട്, യുഎസ് എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ കേരളം, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പടര്‍ന്നുകിടക്കുന്ന ശൃംഖലയാണിതെന്നും എന്‍സിബി പറഞ്ഞു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന ഏറ്റവും വലിയ എല്‍എസ്ഡി വേട്ടയാണിതെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
സംഘം ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇടപാട് നടത്തിയിരുന്നതെന്നും ക്രിപ്‌റ്റോകറന്‍സി, ക്രിപ്‌റ്റോ വാലറ്റ് എന്നിവയിലൂടെയായിരുന്നു ഇവരുടെ പണമിടപാടുകളെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും ഇന്‍സ്റ്റാഗ്രാം വഴിയാണ് സംഘം മയക്കുമരുന്നിന് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ആരെങ്കിലും താത്പര്യപ്രകടിപ്പിച്ചാല്‍ പിന്നീട് അവരുമായുള്ള ആശയവിനിമയം സ്വകാര്യ മെസേജിങ് ആപ്പ് വഴിയാകും. ഇടപാട് ഉറപ്പിച്ചശേഷം ക്രിപ്‌റ്റോകറന്‍സി വഴി പണം വാങ്ങുന്നതുമായിരുന്നു സംഘത്തിന്റെ രീതി.
കഴിഞ്ഞ മാസം എന്‍.സി.ബി കൊച്ചയില്‍നിന്ന് 25000 കോടി വിലമതിക്കുന്ന മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രാജ്യത്ത് വന്‍മയക്കുമരുന്ന് വേട്ട നടക്കുന്നത്.
Content Highlights: Narcotics Control Bureau's biggest ever LSD haul


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..