മുംബൈ: കോണ്‍ഗ്രസില്‍നിന്ന് കഴിഞ്ഞമാസം രാജിവച്ച മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും. മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ റാണെ വ്യക്തമാക്കിയിട്ടുണ്ട്.

റാണെയെ പാര്‍ട്ടിയില്‍ എടുക്കുന്ന വിഷയത്തില്‍ ബി.ജെ.പി തണുത്ത സമീപനം സ്വീകരിച്ചതോടെയാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റാണെ ബി.ജെ.പിയില്‍ ചേരുന്നതിനെയും മന്ത്രിസഭയില്‍ ചേരുന്നതിനെയും എതിര്‍ക്കുന്നത് ശിവസേനയാണെന്ന് അദ്ദേഹത്തിന്റെ അണികള്‍ ആരോപിക്കുന്നു. ഇതോടെ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച് എന്‍.ഡി.എയുടെ ഭാഗമാകാന്‍ റാണെ തീരുമാനിക്കുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും പരാജയപ്പെടുകയും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മകന്‍ നിലേഷ് തോല്‍ക്കുകയും ചെയ്തതോടെയാണ് റാണെ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്. ശിവസേന വിട്ടാണ് റാണെ കോണ്‍ഗ്രസിലെത്തിയത്. ശിവസേനയില്‍ ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. ഉദ്ധവ് നേതൃസ്ഥാനത്ത് എത്തുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ബാല്‍ താക്കറെ അദ്ദേഹത്തെ പുറത്താക്കി.