ഹൈദരാബാദ്: നെഹ്രു - ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതിനുവേണ്ടി മുന്‍ പ്രധാനമന്ത്രി പി.വി നരംസിംഹ റാവുവിനെ അവഗണിച്ചുവെന്ന ആരോപണവുമായി ചെറുമകന്‍ എന്‍.വി സുഭാഷ്. സോണിയയും രാഹുലും ഇതിന്റെ പേരില്‍ മാപ്പ് പറയണമെന്നും നിലവില്‍ ബിജെപി പാളയത്തിലുള്ള സുഭാഷ് ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ചെറുമകന്റെ വിവാദ വെളിപ്പെടുത്തല്‍.

1996 ല്‍ കോണ്‍ഗ്രസിന് നേരിടേണ്ടിവന്ന പരാജയത്തിനുശേഷമാണ് റാവുവിനെ ഒതുക്കാനുള്ള നീക്കം തുടങ്ങിയത്. അദ്ദേഹത്തിന്റെ സര്‍ക്കാരുമായോ രാഷ്ട്രീയ പ്രവര്‍ത്തനവുമായോ ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിലായിരുന്നില്ല അത്. റാവുവിനെ പോലുള്ള ഒരാള്‍ നേതൃനിരയില്‍ തുടര്‍ന്നാല്‍ ഗാന്ധി - നെഹ്രു കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് പ്രധാന്യം ലഭിക്കില്ലെന്ന് ചിലര്‍ കരുതി. അതാണ് റാവുവിനെ ഒതുക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വമെല്ലാം നരസിംഹ റാവുവിന്റെ തലയില്‍ കെട്ടിവെക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേട്ടങ്ങളെയെല്ലാം അവഗണിക്കാനുള്ള ശ്രമം നടന്നു. രാഹുലും സോണിയയും മാപ്പു പറയാനും അദ്ദേഹത്തെ അനുസ്മരിക്കാനും തയ്യാറാവണം.

2014 ല്‍ ബിജെപിയില്‍ ചേര്‍ന്ന സുഭാഷ് ഇപ്പോള്‍ തെലങ്കാനയിലെ പാര്‍ട്ടി ഔദ്യോഗിക വക്താക്കളില്‍ ഒരാളാണ്. തന്റെ മുത്തച്ഛന്റെ 98ാം ജന്മവാര്‍ഷിക ദിനത്തില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളാരും അദ്ദേഹത്തെ അനുസ്മരിക്കാന്‍ തയ്യാറായില്ലെന്ന് സുഭാഷ് കുറ്റപ്പെടുത്തി.

ബി.ജെ.പി, ടി.ആര്‍.എസ്, ടി.ഡി.പി നേതാക്കള്‍പോലും റാവുവിനെ അനുസ്മരിച്ചുവെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അതിന് തയ്യാറായില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വേച്ഛാധിപത്യമാണ് ഇതിനു പിന്നില്‍.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം 1991 ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ നരസിംഹറാവു അന്ന് ധനമന്ത്രി ആയിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പിന്തുണയോടെയാണ് രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ കാലത്തെ നേട്ടങ്ങളൊന്നും വിലയിരുത്തപ്പെട്ടില്ല. അദ്ദേഹത്തിന്റെ പേര് ലോക്‌സഭയില്‍ പരാമര്‍ശിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്നുവെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നതിനിടെയാണ് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പേര് മോദി പരാമര്‍ശിച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ പി.വി നരസിംഹറാവു, അടല്‍ ബിഹാരി വാജ്‌പേയി, മന്‍മോഹന്‍ സിങ് എന്നിവരെ കോണ്‍ഗ്രസ് ഒരുകാലത്തും അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: PV Narasimha Rao, Congress, Sonia, Rahul